Sudev Puthenchira
HDFC ബാങ്ക് താഴേക്ക് വീഴുന്നത് കണ്ടപ്പോൾ അതെത്ര വരെ വീഴുമെന്നും എത്രയ്ക്ക് വാങ്ങിയാൽ നന്നായിരിക്കുമെന്നും ചോദിച്ച ഒരു സുഹൃത്തുണ്ടായിരുന്നു. ഒരു സ്റ്റോക്ക് താഴേക്ക് പോകുമ്പോൾ അതെത്ര വരെ പോയേക്കാമെന്നു ഇന്ദ്രനും ചന്ദ്രനും വരെ പ്രവചിക്കാൻ കഴിയില്ലെങ്കിലും ടെക്നിക്കലി നമുക്കൊരൂഹത്തിലെത്താൻ കഴിയും. എന്തെങ്കിലും നെഗറ്റിവ് വാർത്തകളുടെ പുറത്തു വീണുകൊണ്ടിരിക്കുന്ന സ്റ്റോക്കുകളിലത് ടെക്നിക്കലുകളെ മാനിച്ചേക്കില്ലെങ്കിലും മറ്റു സന്ദർഭങ്ങളിലെല്ലാം സപ്പോർട്ടുകൾ മാനിക്കപ്പെട്ടേക്കാം. ആ ഒരു ധാരണയുടെ പുറത്തു 1360-70 റേഞ്ച് കുഴപ്പമില്ലാത്ത സപ്പോർട്ടാണെന്നും പിന്നീട് താഴേക്ക് പോയാൽ 1300 ൽ നോക്കാമെന്നും പറഞ്ഞിരുന്നു. അന്ന് HDFC ട്രേഡ് ചെയ്തിരുന്നത് 1440 റേഞ്ചിലായിരുന്നു. പുള്ളി അത്യാവശ്യം നല്ലൊരു തുകയ്ക്കുള്ള സ്റ്റോക്ക് വാങ്ങാനുള്ള പ്ലാൻ ആയതുകൊണ്ട് തന്നെ പുള്ളിക്ക് ഉപദേശിച്ച ഒരു വഴിയാണ് താഴെ പറയുന്നത്.
ഇനി പറയാൻ പോകുന്ന കാര്യം ഇവിടെയുള്ള പലർക്കുമറിയാമായിരിക്കും. നിങ്ങൾക്കൊരു സ്റ്റോക്ക് ദീർഘ കാലത്തേക്ക് വാങ്ങണം, എന്നാൽ നിങ്ങളുടെ മനസ്സിലാ സ്റ്റോക്കിനൊരു വിലയുണ്ട്. അതിനേക്കാൾ വലിയ വിലയിലാണ് ആ സ്റ്റോക്കപ്പോൾ ട്രേഡ് ചെയ്യുന്നതെന്നും കരുതുക. നിങ്ങൾ ഉദ്ദേശിക്കുന്ന വിലയിലെത്തിയാൽ മാത്രമേ നിങ്ങളാ സ്റ്റോക്ക് വാങ്ങാൻ പദ്ധതിയിടുന്നുള്ളൂ. എന്നാൽ ആ വിലയിലെത്തുന്നത് വരെ നിങ്ങൾക്കാ പൈസ വെറുതെ ഇടാനും കഴിയില്ല. അത്തരം സന്ദർഭങ്ങളിൽ എന്ത് ചെയ്യും?

അതിനെ കുറിച്ചാണ് താഴെ പറയാൻ പോകുന്നത്.
CASH SECURED PUT -:
ഇതിന്റെ കൂടുതൽ ടെക്നിക്കലായ തലങ്ങളിലേക്ക് കടക്കുന്നില്ല. അറിയാത്തവർ അതൊക്കെ യൂട്യൂബോ അല്ലെങ്കിൽ മറ്റേതെങ്കിലും വീഡിയോകളോ കണ്ടു പഠിക്കുക. ഇതൊരുദാഹരണത്തിലൂടെ വിശദമാക്കാം. മുകളിൽ പറഞ്ഞ വഴിയിലൂടെ ഒരു സുഹൃത്ത് വാങ്ങിയതു തന്നെ ഉദാഹരണമാക്കാം.
HDFC Bank അന്ന് ട്രേഡ് ചെയ്തിരുന്നത് 1440 നാണ്. പുള്ളിയോടത് 1360-70 റേഞ്ചിൽ വാങ്ങിയാൽ കുഴപ്പമില്ലാത്ത റേറ്റാണെന്നു പറഞ്ഞുകൊടുത്തിരുന്നു. അങ്ങേരാണെങ്കിൽ HDFC ക്കു വേണ്ടി വലിയ തുക മുടക്കാനും തയ്യാറായിരുന്നു. പുള്ളിയോട് HDFC ജനുവരി 1360 PE ഷോർട്ട് ചെയ്തോളാൻ പറഞ്ഞു. 1360 നു താഴെ വന്നാൽ ഫിസിക്കൽ ഡെലിവറി എടുത്താൽ മതിയല്ലോ. 1360 PE അന്നാണെങ്കിൽ നല്ല പ്രീമിയത്തിലും നിൽക്കുന്നു. ജനുവരിയിൽ 1360 ലേക്ക് സ്റ്റോക്ക് പ്രൈസ് വരാഞ്ഞതുകൊണ്ട് ഒരു ലോട്ടിൽ നിന്നും നല്ലൊരു പ്രോഫിറ്റ് പുള്ളിക്ക് കിട്ടിയെന്നു മാത്രമല്ല, പുള്ളിയത് ഫെബ്രുവരിയിലും ആവർത്തിച്ചു. അവസാനം ഫെബ്രുവരി 14 നു പുള്ളി ഉദ്ദേശിച്ച റേറ്റായ 1365 നു പുട്ട് ഷോർട് ക്ളോസ് ചെയ്തു ഡെലിവറി എടുത്തു. 550 x 1365 = 750750.
പുള്ളി ഉദ്ദേശിച്ച പ്രൈസിലാ സ്റ്റോക്ക് വാങ്ങാനും കഴിഞ്ഞു, അതേവരെ ആ തുക idle ആക്കി ഇടാതെ അതിൽ നിന്നൊരു വരുമാനവും ലഭിച്ചു. ഇത് പക്ഷേ ഫണ്ടമെന്റലി നല്ല സ്റ്റോക്കുകളിൽ മാത്രമേ വർക്കാകൂ. ഡെറിവേറ്റിവിൽ ട്രേഡ് ചെയ്യുന്ന അൽ കുൽത്ത് സ്റ്റോക്കുകളിലീ പരിപാടി ചെയ്യാൻ നിന്നാൽ “കൂർക്കഞ്ചേരി പൂയത്തിനു കാവടി എടുത്ത പോലാകും”. മാത്രമല്ല ഒരു ലോട്ടെങ്കിലും ചുരുങ്ങിയത് വാങ്ങാനുള്ള പൈസ കയ്യിലുള്ളവർ മാത്രമേ ഇതിനു തുനിയാവൂ. ഇതിന്റെ നെഗറ്റീവ് വശങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല. മാത്രമല്ല ട്രേഡ് ചെയ്തുകൊണ്ടിരിക്കുന്ന വിലയുടെ പരിസരത്തെങ്ങുമില്ലാത്ത വിലയ്‌ക്കൊക്കെ വാങ്ങാൻ പ്ലാൻ ഇല്ലാത്ത ആളുകളൊന്നും ഇതിനു നിൽക്കരുത്. ഉദാഹരണത്തിന് 1000 രൂപയിൽ ട്രേഡ് ചെയ്തുകൊണ്ടിരിക്കുന്ന ഒരു സ്റ്റോക്ക് 500 രൂപയ്ക്ക് വാങ്ങാങ്ങാമെന്ന മോഹവുമായി ഇത്തരം പരിപാടിക്കിറങ്ങുന്നവർ കണ്ടം വഴി ഓടേണ്ടതാണ്.

ഇത് ദീർഘ കാലത്തേക്ക് സ്റ്റോക്ക് വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കാണ്. വാങ്ങിയവർക്ക് covered call പോലുള്ള സ്ട്രാറ്റജികൾ ചെയ്യാവുന്നതാണ്. അതൊക്കെ ഒരു വിധം എല്ലാവർക്കും അറിയാവുന്നതുകൊണ്ട് അതിലേക്ക് കടക്കുന്നില്ല.
cash secured put ന്റെ ഒരു ഏകദേശ രൂപം മാത്രമാണ് പോസ്റ്റിൽ പറയുന്നത്. ഒരു വീഡിയോവിൽ വിശദീകരിക്കുന്നത് പോലെ ഒരു പോസ്റ്റിൽ വിശദീകരിക്കാൻ കഴിയില്ലല്ലോ? ഇതൊരു നല്ല രീതിയാണെന്നോ, ഒരു ദീർഘ കാല നിക്ഷേപകൻ ഇത് പിന്തുടരണമെന്നോ എനിക്ക് യാതൊരഭിപ്രായവുമില്ല. മാത്രമല്ല, ഞാനൊരു സ്റ്റോക്ക് വാങ്ങുമ്പോൾ ഈ രീതി പിന്തുടരാറുമില്ല. വലിയ തുകയ്ക്ക് ചുരുങ്ങിയതൊരു ലോട്ടിനു തുല്യമായ സ്റ്റോക്ക് വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കാണീ രീതി നടപടിയാകുക. കൂടാതെ വലിയ തുകയ്ക്ക് വാങ്ങി ആ സപ്പോർട്ടും പൊട്ടിച്ചു താഴേക്ക് പോയാൽ ദുഃഖം തോന്നുന്നവരൊന്നും ഈ പോസ്റ്റ് തന്നെ വായിക്കുകയേ വേണ്ട.

നിയമപ്രകാരമുള്ള മുന്നറിയിപ്പ് – ഞാനൊരു സെബി regd അനലിസ്റ്റല്ല. ഇതൊരു നിക്ഷേപ/ട്രേഡിങ് ശുപാർശയുമല്ല. പോസ്റ്റിൽ പറയുന്നത് പഠനാവശ്യത്തിനു മാത്രം. നിക്ഷേപങ്ങൾ/ട്രേഡിങ് നിങ്ങളുടെ സ്വന്തം ഇഷ്ട പ്രകാരമോ നിങ്ങളുടെ സാമ്പത്തീക വിദഗ്ധന്റെ നിർദ്ദേശ പ്രകാരമോ മാത്രം നടത്തുക.
Discussion about this post