Sudev Puthenchira
ഈയിടെയായി ഓപ്‌ഷൻ ചതിച്ചു, പൈസ പോയി, ഇതൊരു ചതിക്കുഴിയാണ്, ഉടായിപ്പ് പരിപാടിയാണ് എന്ന രീതിയിൽ ധാരാളം പോസ്റ്റുകൾ കൂടി വരുന്നുണ്ട്. പലരുടേയും പോസ്റ്റുകൾ കാണുമ്പോൾ ആരൊക്കെയോ അവരുടെ കഴുത്തിന് കുത്തിപ്പിടിച്ചു ഓപ്‌ഷൻ ട്രേഡ് ചെയ്യിപ്പിക്കുന്നതായാണ് തോന്നുന്നത്. F&O എന്നത് എന്താണെന്നും, എന്താവശ്യത്തിനാണ് ഈ സാധനം ഉണ്ടാക്കിയിരിക്കുന്നതെന്നും, ആർക്കൊക്കെ ഇത് ചെയ്യാമെന്നും വ്യക്തമായി ഈ ഗ്രൂപ്പിലും കൂടാതെ എക്സ്ചേഞ്ചുകളും സെബിയും നാഴിക്ക് നാൽപ്പത് വട്ടം പറയുകയും ഒപ്പം ബ്രോക്കർ ടെർമിനൽ ഓപ്പൺ ചെയ്യുമ്പോൾ തന്നെ അതിന്റെ ഭീകരത നിങ്ങളിലേക്ക് കുത്തിവച്ചിട്ടും പിന്നേയും അതിൽ പോയി തല വച്ച് പൈസ പോയി കഴിയുമ്പോൾ അയ്യോ അമ്മേ, പൈസ പോയി, എന്നെ പറ്റിച്ചു, ഇത് മുഴുവൻ ഉടായിപ്പാണ്, ആൾക്കാരെ പറ്റിക്കലാണ് എന്ന് വാവിട്ടു കരഞ്ഞിട്ടൊരു കാര്യവുമില്ല.

1. ഡെറിവേറ്റിവ് എന്നത് നിക്ഷേപകർക്കൊരു ഹെഡ്ജിങ് ആവശ്യത്തിനു മാത്രം കൊണ്ട് വന്നിരിക്കുന്ന സാധനമാണ്. അതൊരു ട്രേഡിങ് ഇൻസ്ട്രുമെന്റാക്കി അതിൽ കടിപിടി കൂടി പൈസ പോയാൽ അത് നിങ്ങളുടെ മാത്രം തെറ്റാണ്. ട്രേഡ് ചെയ്യുന്നവരുണ്ടാകാം, പൈസയുണ്ടാക്കുന്നവരുണ്ടാകാം. മരണക്കിണറിൽ എല്ലാവർക്കും മോട്ടോർ സൈക്കിൾ ഓടിക്കാൻ കഴിയാറില്ലല്ലോ?
2. കൃത്യമായി പഠിച്ചു നിങ്ങളുടെ റിസ്‌ക്കും മണിയും മാനേജ് ചെയ്യാവുന്ന ഒരു ഘട്ടത്തിൽ മാത്രം ചെയ്യേണ്ട ഒന്നാണ് F&O. അല്ലാതെ ഏതെങ്കിലുമൊരു യൂട്യൂബറുടെ വീഡിയോയും മറ്റുള്ളവരുടെ മനം മയക്കുന്ന സ്‌ക്രീൻ ഷോട്ടും കണ്ടു ചാടിയിറങ്ങി ഒരു സുപ്രഭാതത്തിൽ മുത്തും പവിഴവും വാരാൻ കഴിയുന്ന ഒന്നല്ല. ബ്രോക്കർക്കും യൂട്യൂബർക്കും ഇത് അവരുടെ വയറ്റിപ്പിഴപ്പിന്റെ പ്രശ്നമാണ്. നിക്ഷേപകരേക്കാൾ അവർ ഓപ്‌ഷൻ ട്രേഡർമാരെ പ്രൊമോട്ട് ചെയ്യുന്നത് അവരുടെ ലാഭത്തിനു വേണ്ടി മാത്രമാണ്. അല്ലാതെ നാട്ടുകാരെ നന്നാക്കുക എന്ന ലക്‌ഷ്യം അവരുടെ അജണ്ടയിലില്ല.
3. എന്നിട്ടും നിങ്ങൾക്ക് ചെയ്തേ എന്നുണ്ടെങ്കിൽ ഒറ്റ ലോട്ടിൽ ഇൻട്രാഡേയിൽ കൃത്യമായ സ്റ്റോപ്പ് ലോസ് വച്ച് തുടങ്ങുക. നാളെ എന്ത് സംഭവിക്കുമെന്ന് നിങ്ങൾക്കറിയാത്തിടത്തോളം ഓവർനൈറ്റിലെ ഭാഗ്യ പരീക്ഷണം ഒഴിവാക്കുക. ആറു മാസത്തിനു ശേഷവും ക്യാപ്പിറ്റൽ ബാക്കിയുണ്ടെങ്കിൽ മാത്രം തുടരുന്നതിനെ പറ്റി നിങ്ങൾ ആലോചിക്കേണ്ടതുള്ളൂ. ചുരുങ്ങിയത് ഒരു കൊല്ലമെങ്കിലും കഴിയാതെ ക്യാപ്പിറ്റൽ കൂട്ടുന്നതിനെ പറ്റി ആലോചിക്കുകയേ വേണ്ട എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

ഇത്രയൊക്കെ പറഞ്ഞിട്ടും ചാടിയിറങ്ങി നഷ്ടം വന്നാൽ സെബി പറ്റിച്ചു, എക്സ്ചേഞ്ചു ചതിച്ചു, ബ്രോക്കർ ഉടായിപ്പാണ് എന്ന് വീണ്ടും തോന്നുന്നുണ്ടെങ്കിൽ നിങ്ങളുടെ മാനസിക നിലയിലൊരു വിദഗ്ദ്ധ പരിശോധന നടത്തേണ്ടതുണ്ട്. ദീർഘ കാല നിക്ഷേപമെന്നത് നിർബന്ധവും(mandatory ) ട്രേഡിങ് എന്നത് ഐച്ഛികവുമാണ് (optional). നഷ്ടപ്പെട്ടാലും പ്രശ്നമില്ലാത്ത ഒരു തുകയ്ക്ക് മാത്രം ഓപ്‌ഷനിൽ ട്രേഡ് ചെയ്യുക,നിങ്ങൾ കാണിക്കുന്ന മണ്ടത്തരങ്ങൾക്ക് മറ്റുള്ളവരെ പഴിക്കാതിരിക്കുക. ഇത്രയധികം മുന്നറിയിപ്പുകൾ പല ഭാഗത്തു നിന്നും ലഭിച്ചിട്ടും അതിനു പുല്ലു വില പോലും കൽപ്പിക്കാതെ ചാടിയിറങ്ങി പൈസ പോയാൽ അത് നിങ്ങളുടെ മാത്രം കുറ്റമാണ്.
Last but not least, അല്ലെങ്കിൽ തന്നെ F&O യ്ക്ക് ആവശ്യത്തിലധികം ചീത്തപ്പേരുണ്ട്, ഇനി നിങ്ങളായിട്ട് ദയവായി അത് കൂട്ടാനിട വരുത്തരുത്
Discussion about this post