Rafeeque AM, Rajendran K
“സ്റ്റോക്ക് മാര്‍ക്കറ്റൊക്കെ വലിയ വരുമാനമുള്ളവര്‍ക്കുള്ളതാണ്. നമ്മളെ പോലുള്ളവര്‍ക്ക് ഇന്‍വസ്റ്റ് ചെയ്യാന്‍ എവിടെയാണ് പണം…” ഇങ്ങനെ പ്രതികരിച്ച സുഹൃത്തിനെ തിരുത്താന്‍ ശ്രമിച്ച് വെറുതെ ജീരകത്തിന്‍റെ തോല് കളയേണ്ടെന്ന് കരുതി, പറയാനാഗ്രഹിച്ച കാര്യങ്ങള്‍ ഇവിടെ കുറിക്കുകയാണ്.
ഒരു ശരാശരി മലയാളി ഏറ്റവും വേതനം കുറഞ്ഞ ജോലിയായാല്‍ പോലും മിനിമം 20,000 രൂപ മാസത്തില്‍ ജോലി ചെയ്ത് സമ്പാദിക്കുന്നുണ്ടാകും. ഒരു അലിഖിത നിയമമനുസരിച്ച് മാസവരുമാനത്തിന്‍റെ 20% അതായത് 4000 രൂപ ഒരു വ്യക്തിക്ക് മാസത്തില്‍ ഇന്‍വസ്റ്റ് ചെയ്യാന്‍ കഴിയും. ഒരു കോടി രൂപ വായ്പയെടുത്തിട്ടുണ്ടെന്നും അതിന്‍റെ EMI ആയി 4000 രൂപ വെച്ച് മാസത്തില്‍ അടക്കേണ്ടതുണ്ടെന്നും ദൃശ്യത്തിലെ മോഹന്‍ലാല്‍ പറഞ്ഞ് ബോധ്യപ്പെടുത്തുന്നത് പോലെ സ്വയം പറഞ്ഞ് മനസിനെ ബോധ്യപ്പെടുത്തുക. 4000 രൂപ മാസത്തില്‍ അടച്ചില്ലെങ്കില്‍ തന്‍റെ വീട് ജപ്തി ചെയ്യുമെന്ന് എല്ലാ ദിവസവും രാവിലെ എഴുന്നേറ്റയുടന്‍ പത്ത് പ്രാവശ്യം മനസില്‍ പറയുക. ഇത് 21 ദിവസം തുടര്‍ന്നാല്‍ നമ്മുടെ ഉപബോധ മനസില്‍ അത് എന്നെന്നേക്കുമായി പതിയും.

ഇന്‍വസ്റ്റ് ചെയ്യാന്‍ വേണ്ടി ഗവേഷണം നടത്തി ഒരു സ്റ്റോക്ക് കണ്ടെത്തുകയാണ് അടുത്ത ടാസ്ക്. ഈ ഒരു മാസം അതിന് വേണ്ടി മാറ്റി വെക്കുക. കഴിഞ്ഞ 10 വര്‍ഷം 20% ന് മുകളില്‍ CAGR return നല്‍കിയ 1000 കോടിയിലധികം മാര്‍ക്കറ്റ് കാപ്പിറ്റലുള്ള 300 ല്‍ അധികം സ്റ്റോക്കുകളുണ്ട്. അതില്‍ നിന്ന് ഒന്ന് സെലക്ട് ചെയ്യുക. തീരുമാനമെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആ 300 സ്റ്റോക്കില്‍ ഏതെങ്കിലും ഒന്നില്‍ കറക്കിക്കുത്തുക.
സര്‍വ്വ സ്റ്റോക്ക് മാര്‍ക്കറ്റ് ദൈവങ്ങളെയും മനസില്‍ ധ്യാനിച്ച് സപ്തംബര്‍ ഒന്നാം തീയ്യതി 4000 രൂപ നമുക്ക് ബോധ്യം വന്ന ആ സ്റ്റോക്കില്‍ നിക്ഷേപിക്കുക. സ്റ്റോക്ക് ഗവേഷണം നിര്‍ത്തരുത്. ഒരു മാസം സമയം കൈയ്യിലുണ്ട്. രണ്ടാമത്തെ സ്റ്റോക്ക് കണ്ടെത്തുക. ഒക്ടോബര്‍ ഒന്നാം തീയ്യതി രണ്ടാമത്തെ സ്റ്റോക്കില്‍ 4000 രൂപ നിക്ഷേപിക്കുക. ഈ പ്രക്രിയ ഓരോ മാസവും തുടര്‍ന്നാല്‍ അടുത്ത വര്‍ഷം ഓഗസ്റ്റ് മാസമാവുമ്പോഴേക്കും നമ്മുടെ പോര്‍ട്ട് ഫോളിയോയില്‍ 12 സ്റ്റോക്കുകളില്‍ 48000 രൂപ invested ആയിട്ടുണ്ടാകും.
അടുത്ത വര്‍ഷം സപ്തമ്പറില്‍ നമ്മുടെ കടിഞ്ഞൂല്‍ സ്റ്റോക്കിന്‍റെ അവസ്ഥയെന്തെന്ന് പരിശോധിച്ച് അതൊരു അതിജീവതയാണെന്ന് ഉറപ്പാണെങ്കില്‍ ആ സ്റ്റോക്കില്‍ തന്നെ വീണ്ടും 4000 രൂപ സമര്‍പ്പിയാമിയാക്കുക. മറിച്ച്, സ്റ്റോക്കിന്‍റെ ഭാവി ശോഭനമല്ലെന്ന് തോന്നുകയാണെങ്കില്‍ അത് വിറ്റ് വേറെ സ്റ്റോക്ക് വാങ്ങുക. സ്റ്റോക്കിന്‍റെ വിലയേക്കാളുപരി അതിന്‍റെ ഫണ്ടമെന്‍റല്‍സിലോ ബിസിനസിലോ മാനേജ്മെന്‍റിലോ എന്തെങ്കിലും കുഴപ്പം സംഭവിച്ചിട്ടുണ്ടോ എന്ന് മാത്രമേ നാം പരിശോധിക്കേണ്ടതുള്ളൂ.

ഈ കാര്യങ്ങള്‍ ഇനിയുള്ള 20 വര്‍ഷം അച്ചടക്കത്തോടെ ചെയ്യാന്‍ കഴിയുമോ.? അങ്ങനെ ചെയ്യുകയാണെങ്കില്‍ 20 വര്‍ഷം കൊണ്ട് നമ്മള്‍ നിക്ഷേപിച്ച 9,60,000 രൂപ ഏറ്റവും കുറഞ്ഞത് 20% ന് മുകളില്‍ CAGR വളര്‍ച്ചയോടെ ഒരു കോടി 26 ലക്ഷം രൂപയായി വളര്‍ന്നിട്ടുണ്ടാകും. 20 വര്‍ഷം കഴിഞ്ഞിട്ട് കോടീശ്വരനായിട്ടെന്ത് കാര്യം എന്ന് നമ്മള്‍ സംശയിക്കും. ഇവിടെ അടിസ്ഥാന ശമ്പളം 20,000 രൂപയാണെടുത്തത്. പലരുടെയും വരുമാനം അതല്ല. ഒരു ലക്ഷം വരുമാനമുള്ളയാള്‍ക്ക് 20000 മാസത്തില്‍ നിക്ഷേപിക്കാം. അടിസ്ഥാന ശമ്പളം വര്‍ഷം തോറും പണപ്പെരുപ്പത്തിനനുസരിച്ച് വളരുമെന്നും ഓര്‍ക്കുക. അതിന് ആനുപാതികമായി മാസ നിക്ഷേപതുകയും വര്‍ദ്ധിക്കും. അങ്ങനെയാകുമ്പോള്‍ മള്‍ട്ടി കോടീശ്വരനാകാനും കഴിയും.
ഒരു മോഡല്‍ പോര്‍ട്ഫോളിയോ താഴെ കൊടുക്കാം.
ഞാനൊരു സെബി രജിസ്റ്റേര്‍ഡ് ജ്യോതിഷിയല്ല. ഇതൊരു buying recommendation അല്ല. എന്‍റെ മാത്രം പൊട്ടത്തരമാണ്. ഞാന്‍ 30ല്‍ താഴെ PE ഉള്ള സ്റ്റോക്കുകള്‍ മാത്രമാണ് നോക്കിയത്. കൂടുതല്‍ പഠനം നടത്തി സ്റ്റോക്കുകള്‍ സ്വയം കണ്ടെത്തുക. ഇരുപത് വര്‍ഷം നമ്മുടെ കൂടെ നില്‍ക്കേണ്ട മുതലുകളാണ്
Deepak nitrite
Caplin point
Hcl tech
BKT
Muthoot fincorp
Polyplex corperation
Kotak Mahindra bank
Reliance
Aarti Industries
Adani power
Dwarikesh sugar
Mirza International
കൂലിപ്പണിക്കാരുടെ ജീവിതം മെച്ചപ്പെടുമോ
ജീവിതം അധ്വാനിക്കാനും അഘോഷിക്കാനുമുള്ളതാണ്. അധ്വാനിക്കാൻ ശേഷിയില്ലാതെ വരുമ്പോൾ നിലക്കേണ്ടതല്ല ജീവിതവും ആഘോഷവും.
കേരളത്തിൽ 66 ലക്ഷം മദ്യ ഉപഭോഗക്കാർ പ്രതി വർഷം 20,000 കോടി രൂപയുടെ മദ്യം ഉപയോഗിക്കുന്നുണ്ട് എന്നാണ് ഗൂഗിളിൽ തിരയുബോൾ കിട്ടുന്നത് . 1.15 കോടി പേർ 8,000 കോടി രൂപക്ക് ലോട്ടറിയും വാങ്ങുന്നു. ഇതിൽ കൂടുതൽ ദിവസവേതനത്തിന് കായികാധ്വാനം ചെയ്യുന്നവരാണ്. അവർ തങ്ങളുടെ അന്നന്നത്തെ ജീവിതം മാത്രം കാണുന്നവരാണ്. ജീവിതത്തിൻ്റെ സായാഹ്ന വേളകൾ ജോലി ചെയ്യാനാകാതെയും പരസഹായം കിട്ടാതെയും ഏതൊരു വരുമാനവുമില്ലാതെ നരകതുല്യമായ ജീവിതം പേറാൻ വിധിക്കപ്പെട്ടവർ.

അവസരവും ആരോഗ്യമുള്ളപ്പോൾ നന്നായി അധ്വാനിക്കണമെന്നും അതിന് ശേഷിയില്ലാതെ വരുബോൾ ജീവിക്കുന്നതിനു വേണ്ടുന്ന പണം കരുതണമെന്നും ആരും അവർക്ക് പറഞ്ഞു കൊടുക്കാറില്ല. നല്ല സമ്പാദ്യ മാർഗ്ഗങ്ങൾ ഉപദേശിച്ചു നൽകാറുമില്ല. ഇവർക്ക് മദ്യവും ലോട്ടറിയും വിറ്റും ഒളിഞ്ഞും തെളിയാതെയും അതിന് പ്രോത്സാഹനം നൽകിയും ഇവരുടെ അധ്വാനഫലത്തെ കൊള്ളയടിക്കാനാണ് സർക്കാരുകളും ശീലിച്ചിട്ടുള്ളത്.
അധ്വാനശേഷിയുള്ളപ്പോൾ നേടുന്നതിൽ നിന്നും ഒരു തുക മാറ്റിവെക്കേണ്ടതിൻ്റെ ആവശ്യകത അവരെ പറഞ്ഞ് മനസിലാക്കിക്കുകയോ അതിന് അവരെ നിർബന്ധിപ്പിക്കുകയോ ചെയ്യുന്നില്ല. ചുരുക്കത്തിൽ ഫിനാൻഷ്യൽ ലിറ്ററസി നൽകി ജനങ്ങളെ സാമ്പത്തികമായി പ്രാപ്തരാക്കാൻ സർക്കാരുകൾ ഒന്നും ചെയ്യുന്നില്ല എന്ന് തന്നെ പറയാം. NPS ഉണ്ടെങ്കിലും, മറ്റു രാജ്യങ്ങളിലെ സമ്പാദ്യ പദ്ധതികളുമായി തട്ടിച്ചു നോക്കുബോൾ , അതിൻ്റെ പ്രവർത്തനം പരിതാപകരമാണ് എന്നേ പറയാൻ പറ്റൂ.
യൂറേഷ്യൻ രാജ്യങ്ങളുടേയും സ്കാൻഡിനേവിയൻ രാജ്യങ്ങളുടേയും സാമ്പത്തിക ശകതി ആ രാജ്യത്തെ ജനങ്ങളുടെ പെൻഷൻ ഫണ്ട് കൂടി ചേർന്നതാണ്. ഇത്തരത്തിൽ ജനങ്ങളെ നിർബന്ധിപ്പിച്ച് അവരുടെ ജീവിതവും രാജ്യത്തിൻ്റെ നിലവാരവും സമ്പത്തും വർദ്ധിപ്പിക്കുന്നതിന് സർക്കാരുകൾ എന്തെങ്കിലും ചെയ്യുമെന്ന്തോന്നുന്നില്ല.
കേരളത്തിലെ ഒരോ തൊഴിലാളിയും മാസം 3000 രൂപ വർഷം 10% വർദ്ധനവോടു കൂടി 25 വർഷം ഷെയർ മാർക്കറ്റിലെ ഇൻഡക്സ് ഫണ്ടിൽ നിക്ഷേപിച്ചാൽ പോലും അത് 2 കോടി രൂപയാകും. ആ വ്യക്തിക്ക് ഇരുപത്തി അഞ്ചാം വർഷം രണ്ട് കോടി രൂപ എന്ന ഈ സ്വകാര്യ സ്വത്തും അതിൽ നിന്നും പെൻഷനായി പ്രതിമാസം 1,50,000/- രൂപയും ലഭ്യമാകും. വേണ്ടത് ശരിയായ അറിവും മനോഭാവവും മാത്രം. 3000 രൂപ എന്നത് ഒന്നുമല്ല.
Discussion about this post