അജ്ഷാദ ശാക്കിർ കെ വി
മഴവില്ല് പോലെ നിറങ്ങളുള്ള വിജയകഥകൾ നമ്മൾ കേൾക്കാറുണ്ട്. പക്ഷേ ചില കഥകൾക്ക് നിറങ്ങളേക്കാൾ വേദനയും വിയർപ്പും കൂടുതലായിരിക്കും. അത്തരത്തിൽ ഹൃദയം തൊടുന്ന ഒരു ജീവിതയാത്രയാണ് വയനാട്ടിലെ ചെറിയ ഗ്രാമത്തിൽ ജനിച്ച ഒരു സാധാരണ കുട്ടിയായിരുന്ന മുസ്തഫയുടെത്.

കേരളത്തിലെ വയനാട് ജില്ലയിലെ ചെന്നലോട് എന്ന ഗ്രാമത്തിലെ ഒരു ദരിദ്ര കുടുംബത്തിലാണ് പി സി മുസ്തഫ ജനിച്ചത്. ദിവസക്കൂലിക്കാരനായിരുന്നു അച്ഛൻ. ഒരു സ്കൂൾ മാത്രമുള്ള കേരളത്തിലെ ചെറിയ ഗ്രാമത്തിൽ വളർന്ന മുസ്തഫയുടെ വിജയകഥ ഏറെ പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു.
പത്താം വയസ്സു മുതൽ കൂലി വേല തുടങ്ങിയതാണ് മുസ്തഫയുടെ ജീവിതം.”ഇഞ്ചി ഫാമിലെ ജോലിയിൽ നിന്ന് ലഭിച്ച വരുമാനം കൂട്ടിവെച്ചാണ് ആദ്യ ആടിനെ വാങ്ങിയത്. ഏതാണ്ട് 150 രൂപയോ മറ്റോ ആണ് കയ്യിലുണ്ടായത്. ആ പണം കൊണ്ട് ഒരു ആടിനെ വാങ്ങി. കുടുംബത്തിലെ ആദ്യത്തെ സമ്പത്ത് എന്ന് പറയാനുള്ളതും ആടായിരുന്നു”. ചെറുപ്പത്തിലെ മുസ്തഫയുടെ ഉള്ളിലുള്ള ബിസിനസ് ചിന്തയാണ് കുടുംബത്തിന്റെ വരുമാനത്തെ വളർത്തിയത്. ഒരു ആടിൽ തൃപ്തനാകാതെ മുസ്തഫ നാല് ആടുകളെ സ്വന്തമാക്കി. പിന്നീട് ഒരു പശുവിനെ വാങ്ങാൻ മുസ്തഫ ഈ ആടിനെ വിറ്റു. പശുവിനെ വാങ്ങിയപ്പോഴാണ് കുടുംബത്തിന് ഒരു ദിവസം മൂന്ന് നേരം ഭക്ഷണം കഴിക്കാൻ കഴിഞ്ഞിരുന്നെതെന്ന് മുസ്തഫ പറഞ്ഞിട്ടുണ്ട്. ‘ എന്റെ ഉപ്പയും ഉമ്മയും കുടുംബവും ത്യജിച്ചതു കൊണ്ടാണ് ഞാൻ ഇവിടെയുള്ളത്. എനിക്ക് പഠിക്കാൻ വേണ്ടി അവർ പട്ടിണി കിടക്കുമായിരുന്നു. അതെനിക്കറിയാമായിരുന്നു. ആറാം ക്ലാസിൽ തോറ്റ് വീട്ടിൽ വന്ന് കൂലിപ്പണിക്കു പോകുമ്പോൾ ഉപ്പയുടെ നിശ്ചയദാർഢ്യമാണ് തന്നെ തിരിച്ച് സ്‌കൂളിലേക്ക് പറഞ്ഞുവിട്ടതെന്ന് മുസ്തഫ ഓർക്കുന്നു. ആ സമയത്താണ് മാത്യൂസ് എന്ന കണക്കു മാഷ് വീട്ടിൽ വരുന്നത്. ഇപ്പോൾ ഇത്തിരി കഷ്ടപ്പെട്ടു പഠിപ്പിച്ചാൽ ഭാവിയിൽ അവൻ തണലാകുമെന്നു പറഞ്ഞതു മാഷാണ്.

എന്നിരുന്നാലും, പിന്നീട് മുസ്തഫ സ്കൂളിലേക്ക് തന്നെ മടങ്ങി. മുസ്തഫ ഏഴാം ക്ലാസിലും പത്താം ക്ലാസിലും ഒന്നാമതെത്തി. ഉന്നത വിദ്യാഭ്യാസം നൽകാൻ അദ്ദേഹത്തിന്റെ പിതാവിന്റെ കെെയ്യിൽ പണമില്ലായിരുന്നു. കോഴിക്കോട് ഫാറൂഖ് കോളേജിലെ ഹോസ്റ്റലിൽ സൗജന്യ ഭക്ഷണവും സൗജന്യ താമസവും വാഗ്ദാനം ചെയ്ത 15 വിദ്യാർത്ഥികളിൽ ഒരാളായി മുസ്തഫയും പഠനം തുടർന്നു. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിൽ സംസ്ഥാനത്തെ 63-ാം റാങ്ക് നേടി. കോഴിക്കോട് ആർഇസിയിൽ പ്രവേശനം ലഭിച്ചു. കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടി.
മലയാളം മീഡിയത്തിൽ പഠിച്ച നാട്ടിൻപുറത്തുകാരനാണ് ഞാൻ. ഇംഗ്ലീഷിൽ സംസാരിക്കാനോ ഇംഗ്ലീഷ് മനസ്സിലാക്കാനോ കഴിയില്ലായിരുന്നു. ജീവിതത്തിൽ ഒരിക്കൽ പോലും സ്റ്റേജിൽ കയറിയിട്ടില്ല. എഞ്ചിനീയറിങ്ങിന്റെ അവസാന വർഷം ഒരു സെമിനാറുണ്ടായിരുന്നു. സ്റ്റേജിൽ കയറി ആദ്യത്തെ ഒരു മിനിറ്റിൽ തന്നെ കാൽ വിറയ്ക്കാൻ തുടങ്ങി. ഒരു വാക്കു പോലും പറയാതെ ഇറങ്ങിപ്പോന്നു. അന്ന് ഞാൻ കരഞ്ഞു. എന്നാൽ അന്ന് ഞാൻ ഒരു പ്രാസംഗികനാകുമെന്ന് നിശ്ചയിച്ചുറപ്പിച്ചു. ഒരു വർഷത്തിനുള്ളിൽ ഹാവാർഡ് ബിസിനസ് സ്‌കൂളിൽ എന്റെ വിജയകഥ പറയാൻ ക്ഷണം കിട്ടി. ആ സ്റ്റോറി വൈറലായി. അതിന്റെ അടിസ്ഥാനത്തിൽ യുഎന്നിൽ നിന്ന് വിളി വന്നു. യുഎന്നിലും ഐഡിയുടെ കഥ അവതരിപ്പിച്ചു.’
1995ൽ എൻഐടിയിൽ നിന്ന് എൻജിനീയറിങ് പൂർത്തിയാക്കിയ മുസ്തഫ മോട്ടറോളയിൽ 15,000 രൂപ ശമ്പളത്തിൽ ജോലി ചെയ്താണ് കരിയർ തുടങ്ങിയത്. ഉപ്പ വിചാരിച്ചത് അത് എന്റെ വാർഷികശമ്പളമാണെന്നാണ്. അത് അദ്ദേഹത്തിന്റെ ജീവിത സമ്പാദ്യത്തേക്കാൾ കൂടുതലായിരുന്നു. ആദ്യത്തെ ശമ്പളമെടുത്ത് ഉപ്പാക്ക് കൊടുത്തു. ആ പൈസ കിട്ടി ഉപ്പ കരഞ്ഞു. കാരണം ഉപ്പാന്റെ ജീവിതത്തിൽ ഉപ്പ അത്രയും പൈസ കണ്ടിട്ടുണ്ടായിരുന്നില്ല. മോട്ടറോള അദ്ദേഹത്തെ അയർലണ്ടിലേക്ക് അയച്ചു. അദ്ദേഹം മാൻഹട്ടൻ അസോസിയേറ്റ്സിനായി കുറച്ചുകാലം പ്രവർത്തിച്ചു. ഒരു ലക്ഷം രൂപ ശമ്പളത്തിൽ ദുബായിലെ സിറ്റി ബാങ്കിൽ ചേർന്നു. യൂറോപ്പിലെയും മിഡിൽ ഈസ്റ്റിലെയും നിരവധി മൾട്ടിനാഷണൽ കോർപ്പറേഷനുകളിലും അദ്ദേഹം പ്രവർത്തിച്ചു.

2003 ൽ 15 ലക്ഷം രൂപം സമ്പാദ്യവുമായി ബെംഗളൂരുവിലെത്തി. വർഷങ്ങളോളം ജോലി ചെയ്ത ശേഷം, മുസ്തഫ ബിസിനസ് മാനേജ്‌മെന്റിൽ താൽപ്പര്യത്താൽ ഐഐഎം ബെഗളൂരുവിൽ പ്രവേശനം നേടുകയും ചെയ്തു. ആയിടെയാണ് സംരംഭത്തിനായി പുതിയ ആശയം ലഭിച്ചത്. മുസ്തഫയുടെ അമ്മാവന്റെ മകൻ നാസറും ആ സ്വപ്നത്തിനൊപ്പം ചേർന്നു. നാസറിനു ബെംഗളൂരുവിൽ ചെറിയൊരു പലചരക്കുകടയുണ്ടായിരുന്നു. വീട്ടിൽ അരച്ച മാവ് പ്ലാസ്റ്റിക് കവറിൽ ഒരു റബർ ബാൻഡിട്ട് കെട്ടി നാസറിന്റെ കടയിൽ ഒരാൾ വിൽക്കാൻ കൊടുക്കുമായിരുന്നു. രുചിയുണ്ടെങ്കിലും പലർക്കും വാങ്ങാനൊരു പേടി. ആര്, എപ്പോൾ, എവിടെ, എങ്ങനെ ഇതുണ്ടാക്കുന്നുവെന്നാണു ചോദ്യം.
ഇതു കേട്ടുമടുത്തപ്പോഴാണ് സ്വന്തമായി ഒരു ഗ്രൈൻഡർ സംഘടിപ്പിച്ച് മാവുണ്ടാക്കി നന്നായി പായ്ക്ക് ചെയ്ത് ഐഡി എന്ന പേരിട്ടു കടയിൽ വച്ചത്. വാങ്ങിയവർ പിന്നെയും വാങ്ങാൻ തുടങ്ങി. മാവ് തൊട്ടടുത്ത കടകളിൽ കൊടുത്തു. നൂറു പായ്ക്കറ്റു വരെ ദിവസം വിൽക്കുമെന്നായി. കുറച്ചു കൂടി വലിയൊരു മുറിയും നല്ല ഗ്രൈൻഡറുകളും വാങ്ങിയതോടെ ബിസിനസ് പച്ചപിടിച്ചു. വിവിധ ഭക്ഷണശാലകളിലേക്കും വിൽപ്പന കേന്ദ്രങ്ങളിലേക്കും സ്കൂട്ടറിൽ മാവ് എത്തിച്ചു .
ഐഐഎം ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ പഠിക്കുമ്പോൾ അദ്ദേഹം തന്റെ കസിൻസായ ഷംസുദ്ദീൻ ടികെ, ടികെ ജാഫർ, അബ്ദുൾ നസീർ, ടിഎ നൗഷാദ് എന്നിവരുടെ കൂടെചേർന്ന് വെറും 25000 രൂപ മുതൽ മുടക്കിൽ ‘ഐഡി ഫ്രഷ്’ എന്ന പേരിൽ ബെംഗളൂരുവിലെ ടിപാസന്ദ്രയിലാണ് 50 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു ദോശ, ഇഡ്‌ലി ബാറ്റർ നിർമ്മാണ കമ്പനി ആരംഭിച്ചു. അമ്മാവൻ ആയിരുന്നു ആദ്യ നിക്ഷേപകൻ. പിന്നീട് കടം വാങ്ങിയ 50000 രൂപയിൽ നിന്നായിരുന്നു ബിസിനസ് വിപുലീകരണം. ഇതേ വർഷം ബംഗളൂരു ഹൊസ്‌കോട്ടെ വ്യവസായ മേഖലയിൽ കമ്പനി പ്ലാന്റ് ആരംഭിച്ചു. ഇന്നിത് 15,000 ചതുരശ്ര അടി വിസ്തീർണമുള്ള പ്ലാന്റാണ്. 2010 ൽ മലബാർ പൊറോട്ടയുടെ നിർമാണം ആരംഭിച്ചു. 2012ൽ ഹൈദരാബാദ് മുംബൈ എന്നിവിടങ്ങളിലേക്കും 2013 ൽ ദുബൈയിലേക്കും മലബാർ പൊറോട്ടയുടെ ഐഡി ഫ്രഷ് ഫുഡും വ്യാപിച്ചു. 2016 ൽ കൊച്ചിയലേക്ക് എത്തിയ കമ്പനി ഇതേ വർഷം ഉടുപ്പി സൈറ്റൽ ഇഡ്ലി മാവ് പുറത്തിറക്കി.
നിലവിൽ 6 നിർമാണ യൂണിറ്റുകളാണ് ഐഡി ഫ്രഷ് ഫുഡിനുള്ളത്. ഇതിൽ ഒന്ന് യുഎഇയിലാണ്. പ്രതിദിനം 2.5 ലക്ഷം കിലോഗ്രാം മാവും 52,000 കിലോഗ്രാം പൊറോട്ട മാവും ഉത്പാദിപ്പിക്കാനുള്ള ശേഷി ഈ ഫാക്ടറി യൂണിറ്റുകൾക്കുണ്ട്. 44 ലക്ഷം ഇഡ്‌ലികളും 9 ലക്ഷം മലബാർ പറോട്ടകളും ഇത് ഉപയോഗിച്ച് ഉണ്ടാക്കാൻ കഴിയും. ഇ-കൊമേഴ്‌സ് വഴിയും ഇന്ത്യയിലും വിദേശത്തുമുള്ള 45 നഗരങ്ങളിലെ 35,000 ഓഫ്‌ലൈൻ റീട്ടെയിൽ പങ്കാളികൾ വഴിയുമാണ് ഇവയുടെ വിപണനം.
തുടക്കത്തിൽ ഐഡി ഫ്രെഷ് ഒരു ക്ലൗഡ് കിച്ചണായിരുന്നു. റെഡി-ടു-ഈറ്റ് പാക്കേജ്ഡ് ഫുഡ് ആയിരുന്നു ആദ്യം വിതരണം ചെയ്തത്. പിന്നീട്, ഐഡി ഫ്രെഷ് എന്ന ബ്രാൻഡിന് കീഴിൽ ഇഡ്ഡലിയും ദോശ മാവും വിതരണം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ആദ്യം പാക്കേജ് ഫൂഡിനോടുള്ള ഇന്ത്യക്കാരുടെ വിമുഖത മൂലം മികച്ച പ്രതികരണമൊന്നും ലഭിച്ചില്ല. 100 പാക്കറ്റുകൾ മാർക്കറ്റിൽ എത്തിച്ചതിൽ 90 എണ്ണവും തിരികെ വന്നു. വിറ്റുപോകാത്ത പാക്കറ്റുകൾ പിന്നെ തലവേദനയായി. പിന്നീടാണ്, സാങ്കേതികവിദ്യയുടെ സഹായത്തോടെ മാവ് നിർമിച്ചുതുടങ്ങിയത്. ഇതോടെ മാവ് അഴുക്കാകുന്ന പ്രശ്നത്തിന് പരിഹാരം കാണാനായി. ഇന്ന് 10 രാജ്യങ്ങളിൽ ഐഡി ഫ്രെഷ് ഇഡ്ഡലി, ദോശ മാവ് എത്തിക്കുന്നുണ്ട്.
2005-ൽ പ്രതിദിനം ഒരു കിലോഗ്രാം ദോശയുടെയും ഇഡ്ഡലിയുടെയും 10 പാക്കറ്റുകൾ വിറ്റഴിച്ചു തുടങ്ങിയ ഐഡി ഫ്രഷ്, ഒരു ദിവസം 100 പാക്കറ്റുകളുമായി മുംബൈ, ചെന്നൈ, ഹൈദരാബാദ്, മംഗലാപുരം, പൂനെ, ദുബായ് തുടങ്ങിയ നഗരങ്ങളിലേക്കുമെത്തി. ഏകദേശം 6 കോടി രൂപയുടെ മൊത്തം നിക്ഷേപവും 110 കോടിയിലധികം വരുമാനവുമുള്ള ഐഡി ഫ്രഷിന്റെ പ്ലാന്റിൽ ഇന്ന് 80,000 കി.ഗ്രാം ഉൽപന്നങ്ങൾ നിർമ്മിക്കുന്നുണ്ട്.

ഐഡി എന്നാൽ ഇഡ്ഡലി, ദോശ
‘ഐഡന്റിറ്റി’ എന്ന വാക്കാണ് കമ്പനിയിലെ ഐഡി എന്ന വാക്കിന്റെ ചുരുക്കം. ഗുണമേന്മയുള്ള ഒരു ഉൽപന്നത്തെ ഉപഭോക്താവ് തിരിച്ചറിയുന്ന നിമിഷമാണ് ഏറ്റവും ധന്യം. എന്നാൽ മുസ്തഫ പറയും ഐഡി എന്നാൽ ഇഡ്ഡലി, ദോശ എന്നതാണ് തന്റെ മനസ്സിൽ. ബെംഗളൂരുവിലെ ഒറ്റമുറിയിലെ ഗ്രൈൻഡറിൽ അരച്ചുണ്ടാക്കിയ മാവിൽനിന്നു പ്രതിവർഷം 400 കോടിയോളം രൂപയുടെ ഇഡ്ഡലി, ദോശമാവ് ഉൾപ്പെടെയുള്ള ഭക്ഷ്യോൽപന്നങ്ങൾ വിൽപന നടത്തുന്ന ‘ഐഡി’ എന്ന കമ്പനിയെ ചുട്ടെടുക്കുകയായിരുന്നു മുസ്തഫയും ബന്ധുക്കളായ ചെറുപ്പക്കാരും.
വടയുടെ തുളയെങ്ങനെ നന്നാക്കാം?
നല്ല മാവിന്റെ കൂട്ടും എണ്ണയിൽ പൊരിച്ചെടുക്കുന്നതും മാത്രമല്ല വടയുടെ വിജയം. തുളയും ഒരു പ്രധാനഘടകമാണ്. ഉഴുന്നു വട മാവ് വിപണിയിൽ ഇറക്കാൻ ആലോചിച്ചപ്പോൾ മുസ്തഫയെയും ഐഡി കമ്പനിയെയും ആശങ്കയിലാക്കിയത് തുള ആയിരുന്നു. ടൂത്ത്പേസ്റ്റിന്റെ പോലെയുള്ള പായ്ക്കറ്റിൽ മാവ് നിറച്ചാലും തുള കൃത്യമാകുന്നില്ല. മൂന്നു വർഷത്തോളമാണ് കമ്പനി ഇതേക്കുറിച്ച് മാത്രം ആലോചന നടത്തിയത്. ഒടുവിൽ ഇറക്കിയ വടമാവ് വിപണിയിൽ സൂപ്പർഹിറ്റായി. പ്രത്യേക തരം ട്യൂബിൽ നിറച്ച് തിളച്ച എണ്ണയിൽ വീഴുന്നതോടെ തന്നെ നല്ല ആകൃതിയുള്ള വടയായി മാറുന്നു. മാവിന് നല്ല കൂട്ടു കയ്യിലുണ്ടെങ്കിലും ആകൃതിക്കു കൂടി പ്രാധാന്യം നൽകി നഷ്ടമാക്കിയ മൂന്നു വർഷം കൊണ്ട് കോടികൾ നഷ്ടമായെങ്കിലും ഗുണമേന്മ മുഖ്യമെന്ന മുദ്രാവാക്യം മുറുകെപിടിക്കാനായി.
ടിഫിൻബോക്സിലെ പൊറോട്ട
പൊറോട്ട നാടുകീഴടക്കാൻ തുടങ്ങിയ സമയത്താണ് അതിലും ഒരു കൈ നോക്കാൻ തീരുമാനിച്ചത്. ആരോഗ്യപ്രദമായ ഗോതമ്പ് പൊറോട്ട വിപണിയിൽ ഇറക്കി. കുട്ടികളാണു പൊറോട്ടയുടെ ആരാധകർ. പക്ഷേ, ടിഫിൻബോക്സിൽ പൊറോട്ട ഉൾക്കൊള്ളില്ലെന്നതിനാൽ സ്കൂൾ മെനുവിൽ നിന്നു പുറത്തായി. അങ്ങനെയാണ് ഐഡി കമ്പനിയുടെ മിനി പൊറോട്ട എന്ന ആശയം വരുന്നത്. ചെറിയ പൊറോട്ട നിറച്ച ടിഫിൻബോക്സുകൾ സ്കൂൾ ബാഗുകളിൽ പതിവായി.
പൊറോട്ടക്കള്ളൻ വീട്ടിലാണ്
ഒരു കസ്റ്റമറുടെ പരാതിയെക്കുറിച്ച് മുസ്തഫ പറഞ്ഞ ഒരു കഥയുണ്ട്. അഞ്ച് പൊറോട്ടയുടെ പായ്ക്കറ്റിൽ മൂന്ന് പൊറോട്ട മാത്രമേയുള്ളൂവെന്ന് ഒരു ദിവസം പരാതി ലഭിക്കുന്നു. കസ്റ്റമർ കെയർ ടീം ഉടൻതന്നെ പുതിയൊരു പാക്കറ്റ് എത്തിച്ചു നൽകി. പായ്ക്കറ്റിന്റെ ബാച്ച് നമ്പർ എടുത്ത് ഇതെങ്ങിനെ സംഭവിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം തുടങ്ങി. വീണ്ടും കസ്റ്റമർ വിളിച്ചത് ‘സോറി ’ പറയാനാണ്. അദ്ദേഹത്തിന്റെ ഭാര്യ നേരത്തേ തന്നെ 2 പൊറോട്ട കഴിച്ചിരുന്നത്രേ. രുചിയുള്ള ഉൽപന്നമെങ്കിൽ വീട്ടിലുള്ളവർ പൊതികാണുമ്പോൾതന്നെ എടുത്തു തിന്നും. വീട്ടിലെ ‘പൊറോട്ട മോഷണം’ വലിയ അംഗീകാരമാണ് ഉൽപന്നത്തിനും സ്ഥാപനത്തിനും.
വളരുന്ന ബിസിനസ്
ഐഡി ഫ്രെഷ് ഫുഡ് യുഎഇ വിപണിയിൽ മുന്നേറുന്നതാണ് പുതിയ വാർത്ത. അരങ്ങേറ്റം കുറിച്ചിട്ട് ആറ് മാസത്തിനുള്ളിൽ മൊത്തം വരുമാനത്തിന്റെ മൂന്നിലൊന്ന് യുഎഇ വിപണിയിൽ നിന്നാണെന്ന് സിഇഒ പിസി മുസ്തഫ ഈയിടെ സിഎൻബിസി-ടിവി 18നുമായുള്ള അഭിമുഖത്തിൽ പറഞ്ഞിരുന്നു. യുഎഇയിലെ വിജയം മറ്റ് നഗരങ്ങളിലേക്കും രാജ്യങ്ങളിലേക്കും ബിസിനസ് വളർത്താനുള്ള ആത്മവിശ്വാസം നൽകുന്നവെന്നും മുസ്തഫ കൂട്ടിച്ചേർത്തു. ഉടൻ യുഎസ്, യുകെ, സിംഗപ്പൂർ വിപണികളിലേക്കുള്ള സാധ്യതയും കമ്പനി നോക്കുന്നുണ്ട്.

നഷ്ടം കുറയുന്നു
ഐഡി ഫ്രഷ് ഫുഡിന്റെ വരുമാനത്തിന്റെ വലിയ ഭാഗവും ഇഡ്ലി, ദോശ മാവ് ഉത്പ്പന്നങ്ങളിൽ നിന്നാണ്. 2023 സാമ്പത്തിക വർഷത്തിൽ വിവിധ ബാറ്റർ ഉൽപ്പന്നങ്ങളിൽ നിന്നുള്ള വിറ്റുവരവ് 191.5 കോടിയാണ്. 49 ശതമാനത്തിന്റെ വർധനവാണിത്. പൊറോട്ട വിൽപ്പനയിലൂടെയുള്ള വരവ് 167 കോടി രൂപയാണ്. 24 ശതമാനം വർധനവ്. അതേസമയം പാലുൽപ്പന്നങ്ങളിൽ നിന്നുള്ള വരുമാനം 5 ശതമാനം ഇടിഞ്ഞ് 64.1 കോടി രൂപയായി
2023 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റനഷ്ടം 50 ശതമാനായി കുറഞ്ഞിട്ടുണ്ട്. 328.8 കോടി രൂപയുടെ നഷ്ടമാണ് കമ്പനി റിപ്പോർട്ട് ചെയ്തത്. 2022 സാമ്പത്തിക വർഷത്തിൽ 703.7 കോടി രൂപയായിരുന്നു നഷ്ടം.ഐഡി ഫ്രെഷ് ഫുഡിന്റെ പ്രവർത്തന വരുമാനം 26 ശതമാനം വർധിച്ച് 479.2 കോടി രൂപയായി. 2022 സാമ്പത്തിക വർഷത്തിലെ 381.6 കോടി രൂപയായിരുന്നു വരുമാനം.
പലിശ വാങ്ങില്ല, കൊടുക്കില്ല
പലിശ വാങ്ങുകയും കൊടുക്കുകയും ചെയ്യാത്ത ബിസിനസാണ് ഐഡിയുടേത്. ഇത്തരത്തിൽ ബിസിനസ് ചെയ്യുക എളുപ്പമല്ലെന്നും എന്നാൽ പൈസയുണ്ടാക്കാൻ മാത്രമുള്ള ബിസിനസല്ല തങ്ങൾ നടത്തുന്നെന്നും മുസ്തഫ ചൂണ്ടിക്കാട്ടുന്നു.
‘പലയാളുകൾക്കും പല മൂല്യസംവിധാനങ്ങളുണ്ടാകും. ഞാൻ വിശ്വസിക്കുന്ന വാല്യു സിസ്റ്റപ്രകാരം ഞങ്ങൾ പലിശ വാങ്ങില്ല, കൊടുക്കില്ല. പലിശ തൊടാൻ പാടില്ലെന്ന തീരുമാനം ഞങ്ങൾ തുടക്കത്തിൽ എടുത്തിരുന്നു. അതുകൊണ്ടു തന്നെ ഞങ്ങളുടെ യാത്രയിൽ ഞങ്ങൾ സീറോ ഡെബ്റ്റ് കമ്പനിയാണ്. ഒരു പൈസ പോലും പലിശയില്ല. വാഹനങ്ങൾക്കടക്കം ഒന്നുമില്ല. അത് അത്ര എളുപ്പമൊന്നുമല്ല. ഇത് വെറും പൈസയുണ്ടാക്കാനുള്ള ബിസിനസ് മാത്രമല്ല. മൂല്യങ്ങൾ തെളിയിക്കാനുള്ള ബിസിനസ് കൂടിയാണ്. 2014ൽ ഹീലിയോൺ ഇൻവസ്റ്റേഴ്സ് 35 കോടി ഇൻവസ്റ്റ് ചെയ്തു. അസീം പ്രേംജി 150 കോടി നിക്ഷേപിച്ചു. അത് വച്ചിട്ടാണ് ലോകോത്തര നിരവാരമുള്ള ഫാക്ടറികൾ ആരംഭിച്ചത്.’- അദ്ദേഹം പറഞ്ഞു.
താജ് ഗ്രൂപ്പിന്റെ നിരസിച്ച ഓർഡർ
നിശ്ചയദാർഢ്യത്തിന്റെ കരുത്താണ് ജീവിതത്തിലെ വിജയമെന്ന് മുസ്തഫ തറപ്പിച്ചു പറയുന്നു. വിശ്വസിക്കുന്ന മൂല്യങ്ങൾക്കു വേണ്ടി താജ് അടക്കമുള്ള വമ്പൻ ഗ്രൂപ്പുകളുടെ ഓഫറുകൾ കമ്പനി വേണ്ടെന്നു വച്ചിട്ടുണ്ട്. തന്റെ വാല്യൂ സിസ്റ്റം അതാണെന്നും അദ്ദേഹം തറപ്പിച്ചു പറയുന്നു.
‘ഞങ്ങൾ രണ്ടറ്റം മുട്ടിക്കാൻ പാടുപെടുന്ന വേളയിലാണ് ബംഗളൂരുവിലെ താജ് ഹോട്ടൽ ഗ്രൂപ്പിൽ നിന്ന് ഒരു വലിയ ഓർഡർ വരുന്നത്. എരിവുള്ള പെട്ടിയപ്പം (ആറാം നമ്പർ) ആയിരുന്നു ഓർഡർ. ഒരു സ്വപ്നം പോലെയായിരുന്നു അത്. 25 ലക്ഷമെങ്കിലും ലാഭം കിട്ടുന്ന ഒരു ഓർഡറായിരുന്നു. ഞാൻ ഹോട്ടൽ ഗ്രൂപ്പിന്റെ ഷെഫിനെ കണ്ടു. കൂടുതൽ പൈസയുണ്ടാക്കണമെന്ന ആർത്തിയിലാണ് അദ്ദേഹത്തെ കണ്ടത്. അദ്ദേഹം എന്നോട് പറഞ്ഞു. ‘നിങ്ങളുടെ ഉത്പന്നം ഇഷ്ടപ്പെട്ടു. ഞങ്ങളത് ബാർ സ്നാക് ആയി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു’. ഞാൻ ആദ്യമായാണ് ആ വാക്ക് കേൾക്കുന്നത്. ഞങ്ങൾ ഇക്കാര്യം ചർച്ച ചെയ്തു. ആ ഓർഡർ നിരാകരിക്കാൻ ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ ഞാൻ താജ് ഷെഫിനെ വിളിച്ചു. ഓർഡർ നൽകാനാവില്ലെന്ന് പറഞ്ഞു. അദ്ദേഹം എന്നെ ചീത്തപ്പറഞ്ഞു. ഫോൺ താഴത്തു വച്ചപ്പോൾ എനിക്ക് കരച്ചിൽ വന്നു. കരച്ചിൽ വന്നത് ആ ഓർഡർ പോയതു കൊണ്ടല്ല, ഈ ബുദ്ധിമുട്ടേറിയ സാഹചര്യത്തിൽ ദൈവം തമ്പുരാൻ ഒരു തീരുമാനമെടുക്കാനുള്ള ധൈര്യം തന്നില്ലേ, അതിനാണ്. നമ്മുടെ മൂല്യം കോംപ്രമൈസ് ചെയ്തിട്ട് നമ്മൾ ഒരിക്കലും സമ്പാദിക്കരുത്.’- മുസ്തഫയുടെ വാക്കുകൾ.

ബ്രിട്ടീഷ് കമ്പനി ഏറ്റെടുക്കുന്നത് 25 ശതമാനം ഓഹരികൾ
പ്രേംജി ഇൻവെസ്റ്റ് ,ടിപിജി ന്യൂക്വെസ്റ്റ് എന്നീ സ്ഥാപനങ്ങൾ നേരത്തെ തന്നെ ഐഡി ഫ്രെഷിൽ പണം നിക്ഷേപിച്ചിട്ടുണ്ട്. അസിം പ്രേജിയുടെ നിക്ഷേപക സ്ഥാപനമായ പ്രേംജി ഇൻവെസ്റ്റ്മൻ്റിന് കമ്പനിയിൽ 25 -30 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളതെന്നാണ് സൂചന. 170 കോടി രൂപയുടേതായിരുന്നു ആദ്യ നിക്ഷേപം. 25 ശതമാനം ഓഹരികളാണ് ടിപിജി ന്യൂക്വെസ്റ്റ് പിന്നീട് സ്വന്തമാക്കിയത്. ബ്രിട്ടീഷ് ഇക്വിറ്റി കമ്പനിയായ അപാക്സാണ് ഐഡിഫ്രഷിൽ ഏറ്റവും പുതിയ നിക്ഷേപം പ്രഖ്യാപിച്ചത്. പ്രേജി ഇൻവെസ്റ്റ്, ടിപിജി ന്യൂക്വെസ്റ്റ് എന്നിവയുടെ പക്കൽനിന്ന് 25 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നതിനായി1500 കോടി രൂപയാണ് നിക്ഷേപിക്കുക. ദ ഹിന്ദു ബിസിനസ് ലൈൻ പ്രസിദ്ധീകരിച്ച ലേഖനത്തിലെ കണക്കുപ്രകാരം 2021 സാമ്പത്തിക വർഷം 294 കോടി രൂപയാണ് കമ്പനിയുടെ ആദായം. മുൻ വർഷത്തിൽ നിന്ന് 23.5 ശതമാനം വർധനയാണ് വരുമാനത്തിലുണ്ടായത്. ആരംഭിച്ച് പത്തു വർഷത്തിനുള്ളിൽ ഐഡി നൂറു കോടി ടോണോവർ മറികടന്നു. ഇപ്പോൾ രണ്ടായിരത്തിലേറെ പേർക്ക് സ്ഥാപനം നേരിട്ട് തൊഴിൽ നൽകുന്നുണ്ട്.





