CA Abraham P Joseph
ഞാനെന്തിന് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണം?
പലരുടെയും മനസ്സിലുള്ള ഒരു ചോദ്യമാണിത്. വളരെ ലളിതമായി പറഞ്ഞാൽ, 2 കാരണങ്ങൾ കൊണ്ട് നിങ്ങൾ ആദായ നികുതി ഫയൽ ചെയ്യണം.
ഒന്ന്, ആദായ നികുതി നിയമത്തിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾ പ്രകാരം നിങ്ങൾ ബാധ്യസ്ഥനാണ്. രണ്ടാമതായി, അങ്ങനെ ബാധ്യസ്ഥനല്ലെങ്കിലും, നിങ്ങളുടേതായ ചില നേട്ടങ്ങൾക്ക് വേണ്ടിയും റിട്ടേൺ ഫയൽ ചെയ്യാം.
ഈ രണ്ടു കാര്യങ്ങളും വിശദമായി നമുക്ക് പരിശോധിക്കാം.
1. ആദായ നികുതി നിയമം പ്രകാരം റിട്ടേൺ ഫയൽ ചെയ്യാൻ ബാധ്യതയുള്ളവർ: താഴെ പറയുന്നവർ ഈ വിഭാഗത്തിൽ വരുന്നവരാണ്.
a. താങ്കൾ 60 വയസ്സിൽ താഴെയുള്ള വ്യക്തിയും താങ്കളുടെ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കൂടുതലും ആണെങ്കിൽ.
b. താങ്കൾ 60 വയസ്സിന് മുകളിൽ അല്ലെങ്കിൽ 80 വയസ്സിൽ താഴെയുള്ള വ്യക്തിയും താങ്കളുടെ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ കൂടുതലും ആണെങ്കിൽ.
c. താങ്കൾ 80 വയസ്സിന് മുകളിൽ പ്രായമുള്ള വ്യക്തിയും താങ്കളുടെ വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ കൂടുതലും ആണെങ്കിൽ.
d. വിദേശത്ത് നിക്ഷേപമോ അങ്ങനെയുള്ള നിക്ഷേപങ്ങളിൽ നിന്ന് വരുമാനമോ ഉള്ള വ്യക്തിയാണെങ്കിൽ.
e. താങ്കളുടെ പേരിലുള്ള കറന്റ് അക്കൗണ്ടിൽ ഒരു കോടി രൂപയോ അതിനു മുകളിലോ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ.

f. താങ്കളുടെ പേരിലുള്ള സേവിങ്സ് അക്കൗണ്ടിൽ അൻപത് ലക്ഷം രൂപയോ അതിനു മുകളിലോ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ.
g. വിദേശ യാത്രക്കായി രണ്ട് ലക്ഷം രൂപയിൽ കൂടുതൽ ചിലവാക്കിയിട്ടുണ്ടെങ്കിൽ.
h. ഒരു ലക്ഷം രൂപക്ക് മുകളിൽ വെദ്യുതി ചാർജ് അടച്ചിട്ടുണ്ടെങ്കിൽ
i. TDS/TCS 25,000 രൂപക്ക് മുകളിൽ ആണെങ്കിൽ (60 വയസ്സിന് മുകളിൽ ഉള്ളവർക്ക് 50,000)
j. 60 ലക്ഷം രൂപക്ക് മുകളിൽ വാർഷിക വിറ്റ് വരവുള്ള ബിസിനെസ്സ് ഉണ്ടെങ്കിൽ.
k. 10 ലക്ഷം രൂപക്ക് മുകളിൽ വാർഷിക വരവുള്ള പ്രൊഫഷൻ ഉണ്ടെങ്കിൽ.
മുകളിൽ പറഞ്ഞിരിക്കുന്ന ഗണത്തിൽ പെടുന്ന ആൾക്കാർ അവർക്ക് നികുതി ബാധ്യത ഇല്ലെങ്കിലും നിർബന്ധമായും റിട്ടേൺ ഫയൽ ചെയ്യാൻ ബാധ്യസ്ഥരാണ്.

2. വ്യക്തിഗത നേട്ടങ്ങൾക്ക് വേണ്ടി ഫയൽ ചെയ്യേണ്ടവർ: ആദായ നികുതി നിയമം അനുശാസിക്കുന്നില്ലെങ്കിലും, ഏതൊരു വ്യക്തിക്കും തങ്ങളുടെ വരുമാനം വെളിപ്പെടുത്തി റിട്ടേൺ ഫയൽ ചെയ്യാവുന്നതാണ്. അങ്ങനെ ഫയൽ ചെയ്യുന്നത് കൊണ്ടുള്ള നേട്ടങ്ങൾ എന്തൊക്കെ ആണെന്ന് നമുക്ക് നോക്കാം.
a. താങ്കളുടെ ഏതെങ്കിലും വരുമാന സ്രോതസ്സിൽ നിന്ന് പിടിച്ചിട്ടുള്ള നികുതി, തിരികെ അവകാശപ്പെടാൻ.
b. വായ്പകൾക്ക് അപേക്ഷിക്കാൻ.
c. ക്രെഡിറ്റ് കാർഡുകൾക്ക് അപേക്ഷിക്കാൻ.
d. ചില രാജ്യങ്ങളിലേക്കുള്ള വിസക്ക് അപേക്ഷിക്കാൻ.
e. ഉണ്ടായിട്ടുള്ള നഷ്ടം അടുത്ത വർഷങ്ങളിലേക്ക് കൊണ്ട് പോകാൻ.
f. കിട്ടിയ വരുമാനം നിയമപരമായി സ്ഥാപിക്കാൻ.
g. നികുതി വിധേയമല്ലാത്ത വരുമാനം ലഭിച്ചിട്ടുണ്ടെങ്കിൽ, അത് അധികാരികളെ ബോധ്യപ്പെടുത്താൻ.
മുകളിൽ പറഞ്ഞിരിക്കുന്ന രണ്ടു വിഭാഗത്തിലും പെട്ടവർ, ശരിയായ ITR തിരഞ്ഞെടുത്ത് അവസാന തീയതി ആയ ജൂലൈ 31 ന് മുൻപ് സമർപ്പിക്കാൻ ശ്രമിക്കുക.
Discussion about this post