സ്വിംഗ് ട്രേഡും പിരമിഡിംഗും.
Rafeeque AM
മുകളിലോട്ട് പറക്കുന്ന സ്റ്റോക്കുകളില്‍ കയറി അത് താഴേക്കിറങ്ങുന്നത് വരെ അതിന്‍റെ കൂടെ പറന്ന് പരമാവധി ലഭം നേടുന്നതാണല്ലോ യഥാര്‍ത്ഥ സ്വിംഗ് ട്രേഡ്. സ്റ്റോക്കിന്‍റെ വില താഴുമ്പോള്‍ ആവറേജ് ചെയ്യുക, buy on dips തുടങ്ങിയ ഉപദേശങ്ങള്‍ക്ക് ഒരു സ്വിംഗ് ട്രേഡര്‍ ഒരിക്കലും ചെവി കൊടുക്കാറില്ല. റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് കുതിച്ചുയരാന്‍ നില്‍ക്കുന്ന റോക്കറ്റ് പോലെ ചില സ്റ്റോക്കുകള്‍ ഏത് മാര്‍ക്കറ്റ് അവസ്ഥകളിലും പ്രത്യക്ഷപ്പെടാറുണ്ട്.
അത്തരം ട്രെന്‍റിംഗായ സ്റ്റോക്കുകളാണ് സ്വിംഗ് ട്രേഡേഴ്സിന്‍റെ ഫേവറിറ്റ് വയറല്‍ സ്റ്റോക്കുകള്‍. സ്റ്റോക്കിന്‍റെ ഫണ്ടമെന്‍റല്‍സിന് അമിത പ്രാധാന്യം കൊടുക്കാതെ സ്റ്റോക്കില്‍ സൃഷ്ടിക്കപ്പെടുന്ന വോള്യവും ലിക്വിഡിറ്റിയും ചാര്‍ട്ടില്‍ കാണിക്കുന്ന എന്‍ട്രി സൂചനകളുമാണ് പ്രധാനമായും പരിഗണിക്കുക. ഒരു ലക്ഷം രൂപ ക്യാപ്പിറ്റലുമായി ട്രേഡ് ചെയ്യാനുദ്ദേശിക്കുന്നുവെങ്കില്‍ ആദ്യം 40% മാത്രം ഇറക്കുക. തറയുടെ ഭാഗം വീതി കൂടിയും മുകളിലേക്ക് പോകും തോറും അറ്റം കൂര്‍ത്ത് വരുന്നതുമായ ബില്‍ഡിംഗ് സ്ട്രക്ചറാണ് പിരമിഡിന്‍റേത്.
40% ക്യാപിറ്റല്‍ ഇറക്കി ആദ്യം വാങ്ങുന്ന ഓഹരികളാണ് പിരമിഡിന്‍റെ തറ നിര്‍മിക്കുന്നത്. സ്റ്റോക്കിന്‍റെ വില താഴോട്ട് വരികയാണെങ്കില്‍ 5% വരെ നഷ്ടം സഹിക്കാന്‍ തയ്യാറാണെന്ന് ആദ്യമേ തീരുമാനിക്കണം. ആ സമയം ഞഞ്ഞാപിഞ്ഞാ വര്‍ത്തമാനം പറയാതെ സുരേഷ് ഗോപി സ്റ്റൈലില്‍ ‘ പോടാ പുല്ലേ 2000 രൂപ’ എന്ന് പറഞ്ഞ് സ്റ്റോക്കില്‍ നിന്നിറങ്ങണം. അതിന് കഴിയില്ലെങ്കില്‍ ഈ പണിക്ക് നില്‍ക്കരുത് .

എന്നാല്‍ സ്റ്റോക്ക് 10% മുകളിലോട്ട് പോവുകയാണെങ്കില്‍ ക്യാപിറ്റലിന്‍റെ 30% കൂടി ഇറക്കുക. സ്റ്റോപ് ലോസ് ഉയര്‍ത്തി പുതിയ വിലയുടെ 5% താഴെ വെക്കുക. ഇനിയും ഉയരുമ്പോള്‍ 20%, 10% എന്നിങ്ങനെ ക്യാപിറ്റല്‍ ഇറക്കുകയും അതിനനുസരിച്ച് സ്റ്റോപ്പ് ലോസ് ഉയര്‍ത്തുകയും ചെയ്യുക. ഇങ്ങനെ പണം നിക്ഷേപിച്ച് പിരമിഡിന്‍റെ അറ്റം കൂര്‍ത്ത് അതിന്‍റെ പണി പൂര്‍ത്തിയാവുകയും നമ്മുടെ കീശ കാലിയാവുകയും ചെയ്യുന്നു.
ഇനി എന്ത് ചെയ്യും…?
ഇനിയൊന്നും ചെയ്യാനില്ല.
പ്രോഫിറ്റ് ബുക്ക് ചെയ്യുകയോ സ്റ്റോപ്പ് ലോസ് ഹിറ്റ് ചെയ്യാന്‍ അനുവദിക്കുകയോ ചെയ്യുക. ശേഷം വേറെ സ്റ്റോക്കില്‍ ഈ പണി തുടരുക. Ride your winners and cut your losers എന്നാണല്ലോ ആപ്തവാക്യം. ചെറിയ ലാഭം കിട്ടുമ്പോള്‍ സ്റ്റോക്കില്‍ നിന്നിറങ്ങുകയും അവിടെ നിന്ന് സ്റ്റോക്കിന്‍റെ വില മുകളിലോട്ട് ഉയരുമ്പോള്‍ കരയുകയും ചെയ്യുന്നതാണല്ലോ നമ്മുടെ പതിവ് രീതി. സ്റ്റോക്ക് താഴേക്ക് വരുമ്പോള്‍ ആവറേജ് ചെയ്യുന്നതിന്‍റെ വിപരീത രീതിയാണ് സ്റ്റോക്കിന്‍റെ വില ഉയരുമ്പോള്‍ പണം നിക്ഷേപിക്കുന്ന പിരമിഡിംഗ്. ഇത് day trading, F&O trading , long-term investing തുടങ്ങി ഏത് തരം നിക്ഷേപങ്ങളിലും apply ചെയ്യാവുന്നതാണ്.
Discussion about this post