ഡോ.ജുബൈർ .ടി (SEBI Empaneled Securities Market Trainer, Whatsapp: 7736685250)
ദീർഘകാല ഓഹരി നിക്ഷേപത്തിനുള്ള രണ്ട് അടിസ്ഥാന സമീപനങ്ങളാണ് ഗ്രോത്ത് ഇൻവെസ്റ്റിങ്ങും വാല്യു ഇൻവെസ്റ്റിങ്ങും.
ഗ്രോത്ത് നിക്ഷേപകർ ശക്തമായ വരുമാന വളർച്ചയുള്ള കമ്പനികളെ തേടുന്നു. വളർച്ചാ കമ്പനികൾ അവരുടെ വ്യവസായത്തെക്കാളും മൊത്തത്തിലുള്ള വിപണിയെക്കാളും വേഗത്തിൽ വരുമാനവും ലാഭവും ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഷെയറിൻ്റെ വില അതിൻ്റെ യഥാർത്ത മൂല്യവുമായി ഒത്തു പോകുന്നുണ്ടോ (ഓവർ പ്രൈസ്ഡ് ആണോ)എന്നത് ഗ്രോത്ത് ഇൻവെസ്റ്റേർസ് ശ്രദ്ധിക്കാറില്ല. ലാർജ് കാപ്, മിഡ് കാപ് കമ്പനികളിലാണ് ഇവർ കൂടുതലും ഇൻവെസ്റ്റ് ചെയ്യുന്നത്.
അതേസമയം മൂല്യ നിക്ഷേപകർ വിപണിയിൽ വില കൊണ്ട് അതിൻ്റെ യഥാർത്ത മൂല്യം പ്രതിഫലിപ്പിക്കാത്ത ഓഹരികൾ തേടുന്നു. മികച്ച ഭാവി സാധ്യതകളുള്ള, ഇപ്പോൾ കൂടുതൽ നിക്ഷേപകരും ശ്രദ്ധിക്കാത്ത മികച്ച കമ്പനികളെ കണ്ടെത്തിയുള്ള നിക്ഷേപമാണ് ഇത്. മിഡ് ക്യാപ്, സ്മാൾ ക്യാപ് വിഭാഗങ്ങളിലാണ് ഇത്തരം ഷെയറുകൾ കണ്ടെത്താനാവുക.

ബെഞ്ചമിൻ ഗ്രഹാം, വാറൻ ബഫറ്റ് തുടങ്ങിയ പ്രമുഖ നിക്ഷേപകർ പ്രശസ്തമാക്കിയ ഒരു തന്ത്രമാണ് മൂല്യ നിക്ഷേപം. ഗ്രോത്ത് ഷെയറുകളെക്കാൾ വിലയിൽ ഒട്ടേറെ ഏറ്റക്കുറച്ചിലുകൾ പ്രതീക്ഷിക്കാവുന്നവയാണ് വാല്യു ഷെയറുകൾ. ക്ഷമയോടെ കാത്തിരിക്കാൻ സാധിക്കുന്നവർക്കേ വാല്യു നിക്ഷേപത്തിലൂടെ വിജയിക്കാനാവൂ. വാല്യു നിക്ഷേപകർക്ക് മികച്ച നേട്ടം കരസ്ഥമാക്കാൻ എത്ര കാലം കാത്തിരിക്കേണ്ടി വരും എന്ന് പറയാനാവില്ല. മറ്റ് നിക്ഷേപകർ ആ കമ്പനിയുടെ യഥാർത്ഥ മൂല്യം തിരിച്ചറിയുമ്പോൾ മാത്രമെ ഈ ഷെയറുകളുടെ വില ഉയരൂ. ചിലപ്പോൾ ദിവസങ്ങൾ കൊണ്ട് ഇത് സാധ്യമാവുമെങ്കിൽ ചിലപ്പോൾ ഇതിന് മാസങ്ങളോ വർഷങ്ങളോ വേണ്ടി വന്നേക്കും.
ഇത് ഒരുതരം കുഴിച്ചിട്ട നിധി അന്വേഷിക്കുന്നത് പോലെയാണ്. മൂല്യ നിക്ഷേപത്തിന് ധാരാളം ഗവേഷണവും ക്ഷമയും ആവശ്യമാണ്. മൂല്യ സ്റ്റോക്കുകൾ തിരിച്ചറിയുക എന്നതിനർത്ഥം വില-ബുക്ക് അനുപാതങ്ങൾ (Price to Book Value Ratio) വില-വരുമാന അനുപാതങ്ങൾ (Price Earning Ratio)എന്നിവ പോലുള്ള അളവുകൾ പരിശോധിക്കുക എന്നാണ്. വളർച്ചാ സ്റ്റോക്കുകളേക്കാൾ വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാനുള്ള സാധ്യത വാല്യു ഷെയറുകളിൽ കൂടുതലാണ്. മാർക്കറ്റ് ഇടിയുമ്പോൾ കുത്തനെ ഇടിയുമെങ്കിലും നല്ല കമ്പനികളുടെ ഓഹരികൾ യഥാസമയം ശക്തമായി തിരിച്ചുവരും എന്നതാണ് മൂല്യ നിക്ഷേപത്തിന് പിന്നിലെ ആശയം.
ഈ രണ്ട് ശൈലികളും പരസ്പര പൂരകമായതിനാൽ, ഒരുമിച്ച് ഉപയോഗിക്കുമ്പോൾ നിങ്ങളുടെ പോർട്ട്‌ഫോളിയോയിൽ വൈവിധ്യം ചേർക്കാൻ അവ സഹായിക്കും. ഗ്രോത്ത് ഷെയറുകളും വാല്യു ഷെയറുകളും പോർട്ട് ഫോളിയയിൽ ഉൾപ്പെടുത്തി ഇത് ചെയ്യാനാവും
എന്നാൽ ഗ്രോത്ത് ഇൻവെസ്റ്റിങ്ങും വാല്യു ഇൻവെസ്റ്റിങ്ങും കൂട്ടിച്ചേർത്ത സ്ട്രാറ്റജി പ്രകാരം എങ്ങനെ ഓഹരികൾ തിരഞ്ഞെടുക്കാം? മികച്ച വളർച്ചയുള്ള വാല്യു ഷെയറുകൾ കണ്ടെത്തുകയാണ് ഇതിനായി ചെയ്യേണ്ടത്

ഈ ജോയിൻ്റ് സ്ട്രാറ്റജി ഉപയോഗിച്ച് ഷെയറുകൾ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ കാര്യങ്ങൾ ഉണ്ടെങ്കിലും ഒരു ശരാശരി ഇൻവെസ്റ്റർ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങൾ താഴെ കൊടുക്കുന്നു.
1. നല്ല ബിസിനസ് ( നിങ്ങൾക്ക് ഭാവി സാധ്യതകൾ തോന്നുന്ന വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ )
2. വരുമാന വളർച്ച: സെയിൽസ് റെവന്യു വിൽ കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി വളർച്ച കാണിക്കുന്ന ഷെയറുകൾ
3. ലാഭക്ഷമത: ലാഭ (നെറ്റ് പ്രോഫിറ്റ്) വളർച്ചയുള്ള കമ്പനികൾ
4. ഉയർന്ന ROCE/ROE ഉള്ള ഷെയറുകൾ
5. കടം (ഡെബ്റ്റ് ഇക്വിറ്റി റേഷ്യോ ) കുറവുള്ള കമ്പനികൾ
6. പ്രൊമോട്ടർ ഹോൾഡിങ്ങ് കൂടുതലുള്ള കമ്പനികൾ. ( സ്മാൾ ക്യാപ്പ്, മിഡ് ക്യാപ്പ് കമ്പനികളെ സംബന്ധിച്ച് ഇത് വളരെ പ്രധാനമാണ്.) എന്നാൽ പ്രൊമോട്ടർ പ്ലെഡ്ജും പ്രൊമോട്ടർ ഹോൾഡിങ്ങ് കുറയുന്നതും ഒരു നല്ല ലക്ഷണമല്ല.
7. PE റേഷ്യോ ഇൻഡസ്ട്രി PE റേഷ്യോയെക്കാൾ കുറവുള്ള കമ്പനികൾ
8. PEG റേഷ്യോ ഒന്നിൽ താഴെയുള്ള ഷെയറുകൾ
9. മാർക്കറ്റ് വിലക്കൊപ്പം അല്ലെങ്കിൽ മാർക്കറ്റ് വിലയേക്കാൾ ഇൻട്രിൻസിക് വാല്യു ഉള്ള ഷെയറുകൾ
10. സമാൾ കാപ്പിൽ പ്രൈസ് ടു ബുക്ക് വാല്യു അഞ്ചിൽ താഴെയും മിഡ് ക്യാപ്, ലാർജ് ക്യാപ് ഷെയറുകളിൽ പത്തിന് താഴെയും ഉള്ള കമ്പനികൾ.

ഈ നിബന്ധനകൾ എല്ലാം പാലിക്കുന്ന ഷെയറുകൾ വിരളമായിരിക്കും. എന്നാൽ ഒരു സെക്ടറിൽ നിന്ന് മാത്രം കമ്പനികളെ തിരഞ്ഞെടുക്കാതെ വിവിധ സെക്ടറുകളിൽ നിന്ന് ഈ ക്രൈട്ടീരിയകൾ ഒട്ടുമിക്കതും പാലിക്കുന്ന സ്‌മാൾ ക്യാപ്, മിഡ് ക്യാപ് കമ്പനികളുടെ ഒരു മികച്ച പോർട്ട് ഫോളിയോയിൽ ദീർഘ കാലത്തേക്ക് നിക്ഷേപിക്കുക. ലാർജ് ക്യാപ് കമ്പനികളിൽ ഈ ക്രൈട്ടീരിയകളിൽപ്പെടുന്ന ഷെയറുകൾ കുറവായിരിക്കും.
ഇത്തരം ഷെയറുകൾ വാങ്ങിക്കഴിഞ്ഞാൽ ഓരോ മൂന്ന് മാസം കൂടുമ്പോഴും ക്വാർട്ടേർലി റിസൾട്ട് വരുമ്പോൾ മോണിറ്റർ ചെയ്യുകയും സെയിൽസ്, ലാഭം എന്നിവ ഇടിയുന്നില്ല എന്ന് ഉറപ്പാക്കുകയും ചെയ്യണം.
നിക്ഷേപിച്ച ശേഷം വില കുറഞ്ഞാൽ ആവറേജ് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. കമ്പനിയുടെ പ്രകടനം (സെയിൽസ്, ലാഭം etc) മോശമായത് കൊണ്ടോ കമ്പനിക്ക് പ്രതികൂലമായ ന്യൂസുകൾ കൊണ്ടോ ആണ് വില കുറഞ്ഞത് എങ്കിൽ ഒരിക്കലും അവറേജ് ചെയ്യരുത്. മാർക്കറ്റ് ഇടിവിനൊപ്പമോ സെക്ടറിനെ താൽക്കാലികമായി ബാധിക്കുന്ന പ്രശ്നങ്ങൾ കാരണമോ ആണ് വില കുറഞ്ഞതെങ്കിൽ മാത്രം ആവറേജ് ചെയ്യാം.
സ്റ്റോക്ക് സ്ക്രീനറുകളായ Screener, Trade Brains മുതലായ എല്ലാ സൈറ്റുകളിലും Screens എന്ന ഓപ്ഷനിൽ വിവിധ വാല്യു ഇൻവെസ്റ്റിങ്ങ് സ്ട്രാറ്റജികൾ ഉപയോഗിച്ച് ഷെയറുകളെ screen ചെയ്ത് കണ്ട് പിടിക്കാനുള്ള സംവിധാനമുണ്ട്.
ഏത് സ്ടാറ്റജിക്കും പരിമിതികളും മറുവാദങ്ങളും ഉണ്ടാവും. അതിനാൽ വിമർശനങ്ങൾ ഒഴിവാക്കി ഇതിലെ നിങ്ങൾക്കു ശരിയെന്ന് തോന്നുന്നവ മാത്രം അംഗീകരിക്കുക
Discussion about this post