ഷിജിത് പേരാമ്പ്ര
ആദ്യമായി മണി ചെയിൻ എന്ന സംഭവം എങ്ങനെയാണെന്ന് ഞാനറിയുന്നത് കുറെ വർഷങ്ങൾക്ക് മുമ്പാണ്.
ഓൾടെ വകേലൊരു കുഞ്ഞമ്മ അന്ന് ഒരു സാറിനെയും കൂട്ടി വീട്ടിൽ വന്നു എന്റെ വീട്ടിൽ ഇരിക്കാൻ സൗകര്യമില്ലാതിരുന്നത് കൊണ്ട് അടുത്ത വീട്ടിലെ ഉമ്മറത്ത് ഞങ്ങളും അയൽപക്കക്കാരിലെ ചിലരും കസേരയിട്ടിരുന്നു.
ക്ലാസ്സിലെ കുട്ടികളുടെ മുമ്പിൽ മാഷ് ബോർഡിലെഴുതുന്നപോലെ അയാൾ കൊണ്ടുവന്ന കടലാസ് ഷീറ്റ് വീടിന്റെ ചുമരിൽ തറച്ച് അയാൾ ക്ലാസ്സ് തുടങ്ങി.
ആദീശ്വർ എന്നാണാ കമ്പനിയുടെ പേര്. അയാൾ ആദ്യമൊരു വട്ടം വരച്ചു. ആ വട്ടം നമ്മളാണ്.. പിന്നെ അതിന് താഴെ രണ്ട് വട്ടം വരച്ചു. അത് നമ്മളാ കമ്പനിയിൽ ചേർക്കുന്നവരാണ്. പിന്നീടാ രണ്ടു പേരുടെ താഴെ നാല് വട്ടം , പിന്നീട് എട്ട് വട്ടം.അങ്ങനെ വട്ടങ്ങൾ കൂടി കൂടി വന്നു. എല്ലാ വട്ടങ്ങൾക്ക് മുകളിൽ ഞാനെന്ന വലിയവട്ടം ഉയർന്നു നിന്നു.
അതു കണ്ടപ്പോൾ എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നീട്ട് ഞാൻ ഒരു മിനിട്ട് എഴുന്നേറ്റ് നിന്ന് ഒരു മൗന പ്രാർത്ഥന നടത്തി.. ജനഗണ മന ചൊല്ലിയാലോന്ന് വരെ എനിക്ക് തോന്നിപ്പോയി. ഞാൻ സംയമനം പാലിച്ചു നിന്നു. കാരണം എന്റെ ജനഗണ മന കേട്ട് എല്ലാരും ഇറങ്ങിപ്പോയാലോന്ന് കരുതിയിട്ട്. ഇത്രയേറെ എനിക്ക് എന്നോട് ബഹുമാനം തോന്നാൻ കാരണം, ഞാനാദ്യമായിട്ടാണ് ഇത്രയേറെ ആൾക്കാരുടെ മുകളിൽ വലിയൊരാളായി വരുന്നത്.
അയാൾ വരച്ച വട്ടത്തിലെ ഞാൻ വലിയൊരു കമ്പനിയുടെ മാനേജരായി കോട്ടും സ്യൂട്ടുമൊക്കെയിട്ട് ആ ബോർഡിൽ മുഴച്ചു നിന്നു . അതിനു താഴെയുള്ള കുഞ്ഞു വട്ടങ്ങളോടെനിക്കു പുച്ഛം തോന്നി. ഞാനവിടെയിരുന്ന് താഴത്തെ ചെറിയ വട്ടങ്ങളെ നോക്കി ,”വെരി പുവർ ഗെയ്സ് ” എന്ന് പുച്ഛത്തോടെ പറഞ്ഞു കൊണ്ടിരുന്നു.
ബോർഡിലെ വട്ടങ്ങൾ കൂടിക്കൊണ്ടേയിരുന്നു. വട്ടങ്ങളുടെ എണ്ണം കൂടുന്തോറും എനിക്ക് അഹംഭാവം കൂടിക്കൊണ്ടുമിരുന്നു. ഇനിയും അഹംഭാവം കൂടി ഞാനൊരു റോൾസ് റോയ്സ് കാറ് എടുത്താലോന്ന് എനിക്ക് തോന്നിയപ്പോൾ , ഞാനാ സാറിനോട് ചോദിച്ചു.
“ഇനി ഞാനെന്താ ചെയ്യേണ്ടത്.
“കമ്പനിയുടെ ഒരു ഷെയർ നിങ്ങൾ വാങ്ങണം,
“ഷെയർ എന്ന് പറയുമ്പോൾ , ” ഞാൻ തലചൊറിഞ്ഞു കൊണ്ട് ചോദിച്ചു.
“ഷെയർ എന്ന് പറയുമ്പോൾ പൈസയൊന്നും മുടക്കണ്ട . കമ്പനിയുടെ ചില ഉത്പന്നങ്ങൾ നിങ്ങൾ വാങ്ങിയാ മതി.
“ഉൽപ്പന്നങ്ങൾന്ന് പറയുമ്പോ , ?
“അത് അരി .പഞ്ചസാര ,സോപ്പ് ,ചീപ്പ് കണ്ണാടി ,ടൂത്ത്പേസ്റ്റ് മുതൽ എല്ലാമുണ്ട്.
“ആഹാ എന്നാ വാങ്ങിക്കളയാം ,
എത്ര രൂപയ്ക്ക് വാങ്ങേണ്ടിവരും.
” ഒരു മാസം നാലായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിഒൻപത് രൂപയ്ക്ക് വാങ്ങിയാൽ മതി.
ഭാഗ്യം ഒരു രൂപ നമുക്ക് ലാഭം ണ്ട്
അയാൾ പറഞ്ഞത് കേട്ട് ഞാൻ കണ്ണും തള്ളി “സാറേന്ന് വിളിച്ചു. എന്റെ സാറേ വിളി താറാവ് കരയുന്ന പോലെ പുറത്തേയ്ക്ക് വന്നു. വെപ്രാളത്തിനിടയിൽ അക്ഷരം മാറിയില്ലാന്ന് തോന്നുന്നു..
കാരണം ആ കാലഘട്ടത്തിൽ നാനൂറ് രൂപയുണ്ടെങ്കിൽ ഒരു മാസത്തേക്കുള്ള സാധനങ്ങൾ മുഴുവൻ വാങ്ങാം,
അതു മാത്രമല്ല ആദീശ്വർ എന്ന കമ്പനിയുടെ ഉൽപ്പന്നം വാങ്ങാൻ ഞാൻ ബത്തേരി പോകുകയും വേണം. ഇവിടെ എവിടെയുമാ കമ്പനി ഇല്ലതാനും , അവിടെ പോയി വരുന്ന കാശുണ്ടങ്കിൽ രണ്ട് മാസം സുഖമായി വീട്ടുചിലവ് നടത്താം..
അയാളുടെ ക്ലാസ്സിനിടയ്ക്ക് അവളുടെ കുഞ്ഞമ്മ “കണ്ടോ ഞങ്ങളുടെ സാറിനിതൊക്കെ എത്ര നിസ്സാരം എന്ന മട്ടിൽ എന്നെ നോക്കുന്നുണ്ടായിരുന്നു.
പക്ഷേ അവരുടെ നോട്ടം കണ്ടപ്പോഴെനിക്ക് തോന്നിയത്.
“ഞാനോ ഇതിൽപ്പെട്ടുപ്പോയി, നീയും കൂടെ ഇതിൽ തലവെയ്ക്കെടാ ന്ന് പറയുമ്പോലെയാണ്.
പിന്നീട് ആ സാറ് കുറെ ഫോട്ടോകൾ എടുത്ത് ബോർഡിൽ പിൻ ചെയ്ത് വെച്ച് കാണിച്ചു തന്നുകൊണ്ട് പറഞ്ഞു..
ഇതു കണ്ടോ, ഇത് ജയിംസ് കോഴിക്കോട് താമരശ്ശേരിക്കാരനാണ്. ഇത് അയാളുടെ പഴയ വീടാണ്. ഏതോ ആദിവാസിയുടെ പുല്ലുമേഞ്ഞ വീട് കാണിച്ചു കൊണ്ട് പറഞ്ഞു.. പിന്നീട് വലിയൊരു ഇരുനില വീടു കാണിച്ചു കൊണ്ട് പറയാൻ തുടങ്ങി.
“ഇതിപ്പോൾ ജയിംസ് താമസിക്കുന്ന വീടാണ്. പോർച്ചിലെ കാറ് നോക്കൂ. ബി എം ഡബ്ല്യു , ആണ്. വെറും ഒന്നര വർഷം കൊണ്ടാണ് ജയിംസ് ഈ നിലയിൽ എത്തിയത്. കഠിനാധ്വാനവും . ആത്മാർത്ഥതയും, കമ്പനിയ്ക്ക് വേണ്ടി ജോലി ചെയ്യാനുള്ള ഉത്സാഹവുമാണ് ജയിംസിനെ ഇത്ര ഉയർച്ചയിലേയക്കെത്തിച്ചത്. എല്ലാവരും ആ ഫോട്ടോയിലേയ്ക്ക് അൽഭുതത്തോടെ നോക്കിക്കൊണ്ടിരുന്നു. കാരണം അതുപോലൊരു വീട് ആ കാലത്ത് ഞങ്ങളുടെ നാട്ടിലെവിടെയും ഉണ്ടായിരുന്നില്ല.
ഇതൊക്കെ കണ്ടപ്പോൾ നാളെ ഞാനും ഇതുപോലെയൊക്കെ ആവുമല്ലോന്നോർത്തപ്പോൾ എനിക്കുമൊരു ആത്മവിശ്വാസം തോന്നാതെയുമിരുന്നില്ല. പക്ഷേ എന്റെ ആത്മവിശ്വാസത്തിന് കുറച്ചു നേരത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളു.
ബി എം ഡബ്ല്യു വിനെ പറ്റി ഓർത്തപ്പോൾ ഞാനെന്റെ പേഴ്സെടുത്ത് തുറന്നു നോക്കി. അതിൽ ആകെയുണ്ടായിരുന്ന രണ്ട് അൻപതു പൈസാ തുട്ടുകൾ എന്നെ നോക്കി പല്ലിളിച്ചു കൊണ്ടിരുന്നു. എന്തായാലും ക്ലാസ്സ് കഴിഞ്ഞ് ഞങ്ങളിൽ പലരുടെയും ഫോൺ നമ്പർ വാങ്ങി സാറും കുഞ്ഞമ്മയും കൂടെ അടുത്ത വട്ടങ്ങളെ അന്വേഷിച്ച് പുതിയ മേച്ചിൽപുറം തേടി യാത്രയായി. എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് എനിക്കാ കമ്പനിയിൽ ചേരാനോ വലിയ പണക്കാരനോ ആവാൻ കഴിഞ്ഞില്ല..
ഏതാണ്ട് ഒരു വർഷത്തിനുശേഷം കുഞ്ഞമ്മയുടെ മകളുടെ കുഞ്ഞിന്റെ നൂലുകെട്ടിന് ഞാനവിടെ പോയിരുന്നു.
മുളങ്കമ്പിൽ ഷീറ്റ് വലിച്ചു കെട്ടിയ ആ വീട്ടിൽ ചെന്നപ്പോൾ ഞാനത്ഭുതപ്പെട്ട് പോയി , വീടിന്റെ പോർച്ചിൽ ബി എം ഡബ്ല്യുവും, ബെൻസുമില്ല.. വീടിന്റെ ഉത്തരത്തിൽ ചിതലരിച്ചു തുടങ്ങിയിരിക്കുന്നു. ഇതെല്ലാം കണ്ടപ്പോൾ ഞാനവരോട് കിലുക്കത്തിൽ തിലകൻ ചേട്ടൻ ഇന്നസെന്റിനോട് ചോദിക്കുമ്പോലെ ചോദിച്ചു.
“എവിടെ .. കാറെവിടെ “
അതുകേട്ടവര് പറഞ്ഞു.
“ശവത്തിൽ കുത്തരുത്, എന്റെ കയ്യിലെ കാശ് മൊത്തം പോയി , കഴുത്തിലെയും കാതിലെയും , കയ്യിലെയും ആഭരണങ്ങളെല്ലാം പോയി. അതെല്ലാം വിറ്റ് ഞാൻ കമ്പനിയിൽ ഷെയർ എടുത്തതാ . എല്ലാം പോയി ഇപ്പോ ഷെയറുമില്ല കമ്പനിയുമില്ല .
അവരുടെ വീടിന്റെ വരാന്തയിൽ നിന്ന് മേലോട്ട് നോക്കിയപ്പോൾ വീടിന്റെ മേൽക്കൂരയിലിട്ട ഷീറ്റിന്റെ കീറിയ ഭാഗത്തുകൂടെ സൂര്യപ്രകാശമടിച്ച് താഴെ തറയിൽ കുഞ്ഞുകുഞ്ഞു വട്ടങ്ങൾ വിതറി കിടക്കുന്നത് കണ്ടു. ആ വട്ടങ്ങളിലെ ഒരു വട്ടം ഞാനുമാവേണ്ടതായിരുന്നു.
ആട്, തേക്ക്, മാഞ്ചിയം മുതൽ . ടൈക്കൂൺ, (ബുജി കാർട്ട്, ജോഡി കെയർ , പേര് തിരുത്തി വായിക്കാനപേക്ഷ) ഈ അവസാനം ഹൈറിച്ച് ,എന്നു വേണ്ട പുതിയ പേരിൽ പുതിയ ഭാവത്തിൽ ഇതു പോലുള്ള മണി ചെയ്നും ഓൺലൈൻ മണി ചെയ്നുകളുമൊക്കെയായി സാറമ്മാര് വീണ്ടും പല “വട്ട “ങ്ങൾക്കായി വല വീശിക്കൊണ്ടിരിക്കുന്നു. ഇതൊക്കെ ഏറ്റവും കൂടുതൽ വിളയുന്ന മണ്ണ്, മലയാള മണ്ണാണെന്ന് എല്ലാ തട്ടിപ്പുവീരൻമാർക്കുമറിയാം.
സാക്ഷര കേരളവും ,പ്രബുദ്ധ കേരളവുമൊക്കെയാണ്. പക്ഷേ ഇതു പോലുള്ള തട്ടിപ്പിൽ വീഴാനായി കാത്തിരിക്കുന്നവരാണ് മലയാളികൾ . ഈ സാറമ്മാർക്ക് ഒരു വിശ്വവിഖ്യാത ഡയലോഗ് ഉണ്ട്. അതിപ്രകാരമാണ് , “ഒരാൾ ദരിദ്രനായി ജനിക്കുന്നത് അയാളുടെ കുറ്റമല്ല. പക്ഷേ അയാൾ ദരിദ്രനായി മരിക്കുന്നത് അയാളുടെ കുറ്റമാണ്. “
ഈ ഡയലോഗിലാണ് പലരും വീണുപോവുന്നതും കയ്യിലുള്ളതെല്ലാം നഷ്ടപ്പെടുന്നതും. ഇനിയൊരു നാളിൽ ഒരു പുതിയ സാർ നിങ്ങളെ തേടിയെത്തിയേക്കാം.
സർ ,ഞങ്ങളുടെ കമ്പനി, രാജസ്ഥാൻ മരുഭൂമിയിൽ ഒട്ടകപ്പക്ഷികളെ വളർത്തുന്നുണ്ട്, സർ ,അതിൽ നിന്നും രണ്ട് മുട്ടകൾ വാങ്ങി കമ്പനിയുടെ ഷെയർ എടുക്കണം. ആറുമാസത്തിനുള്ളിൽ രണ്ട് ഒട്ടകപ്പക്ഷികൾ സാറിന് സ്വന്തം . ഒരു വർഷം കൊണ്ട് അതിന്റെ മുട്ടവിരിഞ്ഞ് സാറ് ഒരു ഒട്ടകപക്ഷി ഫാമിന്റെ മുതലാളിയാവും
ഇത്ര കേട്ടാൽ മതി മലയാളിക്ക്. നാളെ ഒട്ടകപ്പക്ഷി മുതലാളിയാവുന്നതും സ്വപ്നം കണ്ട് കയ്യിലുളളതെല്ലാം കമ്പനിയിൽ നിക്ഷേപിക്കും. നാളെയൊരു സാർ നിങ്ങളെ സമീപിക്കുമ്പോൾ ആ വലിയ “വട്ടം ” നിങ്ങളായേക്കാം.
Discussion about this post