Sudev Puthanchira
പോർട്ട് ഫോളിയോ റിസ്ക് വൈവിധ്യവത്കരിക്കുന്നതിന്റെയും ക്യാഷ് മാർജിൻ അപ്ഗ്രെഡ് ചെയ്യുന്നതിന്റെയും ഭാഗമായി ഇന്നലെ കുറച്ചു ലിക്വിഡ് ബീസ് പോർട്ട് ഫോളിയോവിൽ ആഡ് ചെയ്തു. അറിയാത്തവർക്ക് ലിക്വിഡ് ബീസ് എന്താണെന്നൊന്നു വിശദീകരിക്കാമെന്നു കരുതി. അറിയാവുന്നവർ താഴെ വായിച്ചു സമയം കളയണമെന്നില്ല.
എന്താണ് ലിക്വിഡ് ബീസ്? ഡെബ്റ്റ് ഫണ്ട് ഇൻസ്ട്രുമെന്റായ ഒരു ETF ആണ് ലിക്വിഡ് ബീസ്. നിപ്പോൺ ഇന്ത്യ നടത്തുന്ന ലിക്വിഡ് ബീസിനെ കുറിച്ചാണ് നമ്മൾ പറയുന്നത്. നിപ്പോണെ കൂടാതെ DSP &ICICI പോലുള്ളവരുടെയും ലിക്വിഡ് ബീസുകളുണ്ട്. ഇതിന്റെ വില എല്ലായ്‌പ്പോഴും ഒരു യൂണിറ്റിന് 1000 രൂപ ആയിരിക്കും. പ്രധാനമായും ഗവൺമെന്റ് ബോണ്ടുകൾ, ട്രെഷറി ബില്ലുകൾ പോലെ താരതമ്യേന സുരക്ഷിതമായ ഡെബ്റ്റ് ഇൻസ്ട്രുമെന്റുകളിലാണിവർ നിക്ഷേപം നടത്തുന്നത്. വർഷമൊരു 3-5% ലാഭം നിങ്ങൾക്ക് ഡിവിഡന്റായി പ്രതീക്ഷിക്കാം.

അപ്പോൾ നിങ്ങൾ ചോദിക്കും ഇതിനേക്കാൾ കൂടുതൽ ബാങ്കിലും ട്രെഷറിയിലും പലിശയായി ലഭിക്കുമല്ലോ. പിന്നെന്തിനാണ് ആവശ്യമില്ലാതെ ലിക്വിഡ് ബീസിൽ പൈസ കൊണ്ടിടുന്നതെന്ന്. അതിന്റെ ഉത്തരം താഴെ പറയാം.
നിങ്ങളൊരു ട്രേഡർ ആണെങ്കിൽ നിങ്ങൾക്കൊരു ട്രേഡിൽ ഇറങ്ങണമെങ്കിൽ ക്യാപ്പിറ്റൽ ആവശ്യമാണ്. ലിക്വിഡ് ക്യാഷ് ആയോ അല്ലെങ്കിൽ സ്റ്റോക്കുകളോ മ്യൂച്വൽ ഫണ്ടുകളോ അല്ലെങ്കിൽ ETF കളോ പ്ലെഡ്ജ് ചെയ്തുള്ള മാർജിൻ മണിയോ ആവശ്യമുണ്ട്. സ്റ്റോക്കുകൾ പ്ലെഡ്ജ് ചെയ്യുമ്പോഴുള്ള പ്രശ്നം എന്താണെന്നു വച്ചാൽ മാർക്കറ്റിന്റെ ചാഞ്ചാട്ടത്തിനനുസരിച്ചു നിങ്ങളുടെ കൊളാറ്ററൽ മാർജിൻ മണിയിലും ബ്രോക്കർമാർ കുറവു വരുത്തും. എന്നാൽ താരതമ്യേന സുരക്ഷിത നിക്ഷേപമായ ലിക്വിഡ് ബീസിൽ 10% മാത്രമാണ് ഹെയർ കട്ടായി പിടിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ മാർക്കറ്റ് താഴേക്ക് പോയാലും നിങ്ങളുടെ കൊളാറ്ററൽ മാർജിൻ സ്ഥിരമായിരിക്കും. അതുകൊണ്ട് തന്നെ ക്യാപ്പിറ്റലിൽ കാര്യമായ കുറവ് വരില്ല.
ഇനി ഇതിന്റെ മറ്റു കാര്യങ്ങളിലേക്ക് കടക്കാം. ലിക്വിഡ് ബീസിൽ നിന്നും വർഷത്തിൽ നിങ്ങൾക്ക് ഒരു 3-5% ലാഭം പ്രതീക്ഷിക്കാം. ഡിവിഡന്റ് അവർ പുതിയ യൂണിറ്റുകളായി ആഡ് ചെയ്യുകയാണ് ചെയ്യുക. അതുകൊണ്ട് തന്നെ ഓരോ വർഷവും നിങ്ങളുടെ മാർജിൻ അതിനനുസരിച്ചു കൂടുന്നതിലൂടെ ക്യാപ്പിറ്റലും കൂട്ടാൻ കഴിയും. ഈ തുക നിങ്ങൾക്ക് സ്റ്റോക്ക് ഇൻട്രാ ഡേ ചെയ്യാനോ ഫ്യുച്ചർ ഷോർട്ടിങ്ങിനോ ഓപ്‌ഷൻ റൈറ്റിങ്ങിനോ ഉപയോഗിക്കാം. നിങ്ങൾക്കറിയാവുന്നത് പോലെ F&O യിൽ ഒരു ഓവർ നൈറ്റ് പൊസിഷനിൽ നിങ്ങൾക്ക് ഏർപ്പെടണമെങ്കിൽ മാർജിന്റെ പകുതി തുക നിങ്ങൾ ക്യാഷ് ആയോ അല്ലെങ്കിൽ ക്യാഷ് കംപോണന്റ് ആയോ ഹോൾഡ് ചെയ്യണമെന്നാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ സ്റ്റോക്കുകൾ മാത്രം പ്ലെഡ്ജ് ചെയ്തുകൊണ്ട് നിങ്ങൾക്ക് മുന്നോട്ട് പോകാനാവില്ല. എന്നാൽ ലിക്വിഡ് ബീസ് നിങ്ങൾ പ്ലെഡ്ജ് ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾ മാർജിനെ കുറിച്ചോർത്തു ബേജാറാവേണ്ട. ഹെയർ കട്ടായ 10% കഴിച്ചു നിങ്ങൾക്ക് മുഴുവൻ തുകയും ക്യാഷ് മാർജിൻ ആയി ഉപയോഗിക്കാം. വർഷം കിട്ടുന്ന ലാഭത്തോടൊപ്പം തന്നെ നിങ്ങൾക്ക് ട്രേഡിങിൽ നിന്നും വരുമാനം ഉണ്ടാക്കാം(ട്രേഡിങ് അറിയുന്നവന്).

മുകളിൽ പറഞ്ഞത് ലിക്വിഡ് ബീസ് ട്രേഡർക്കെങ്ങനെ ഗുണകരമാകുന്നുവെന്നാണ്. ഇനി ഒരു നിക്ഷേപകന്റെ കണ്ണിലൂടെ നമുക്ക് നോക്കാം. നിക്ഷേപകനെ സംബന്ധിച്ചു അയാൾക്ക് ദീർഘ കാലത്തിൽ ലാഭം എങ്ങനെ പരമാവധി ലഭിക്കാമെന്നാണ് അയാൾ നോക്കുക. നല്ലൊരു സ്റ്റോക്കിൽ ഇൻവെസ്റ്റ് ചെയ്തു ലാഭം ഉണ്ടാകുന്നത്ര ലിക്വിഡ് ബീസിൽ നിന്നും ലഭിക്കില്ലെങ്കിലും താഴെ പറയുന്ന രീതിയിലുള്ള നിക്ഷേപ രീതിയിലൂടെ ദീർഘ കാലത്തിൽ ലാഭം ഉണ്ടാക്കാനാകുകയും എന്നാൽ മാർക്കറ്റ് എത്ര താഴേക്ക് പോയാലും നമ്മളുടെ പോർട്ട് ഫോളിയോ കാര്യമായി ചുവക്കാതെ മുന്നോട്ട് പോകാൻ കഴിയുകയും സാധിക്കും. ഒരു 2000 രൂപ മാസം നിക്ഷേപിക്കാൻ കഴിയുന്ന ഒരാളെ സംബന്ധിച്ച് മുകളിൽ പറഞ്ഞ രീതിയിലുള്ള ഒരു പോർട്ട് ഫോളിയോ എങ്ങനെ തട്ടിക്കൂട്ടാൻ കഴിയുമെന്നു നോക്കാം. ടിയാന് ഒരു മിനിമം ലാഭം വേണം, എന്നാൽ കാര്യമായ റിസ്ക്ക് എടുക്കാനും കഴിയില്ല. അപ്പോൾ ഈ രീതി ഉപകരിക്കും.
എല്ലാ മാസവും ഒരു സിപ്പ് പോലെ ഒരു തീയതി സെലക്റ്റ് ചെയ്തു 1 ലിക്വിഡ് ബീസ് (1000 രൂപ)+ 3 നിഫ്റ്റി ബീസ്(ഏകദേശം 525 രൂപ ) +10 ഗോൾഡ് ബീസ് (ഏകദേശം 450) വാങ്ങുക. ലിക്വിഡ് ബീസ് നിങ്ങളുടെ പകുതി റിസ്‌ക്കിനെ മാനേജ് ചെയ്യുമ്പോൾ നിഫ്റ്റി നീങ്ങുന്നതിനനുസരിച്ചു നിഫ്റ്റി ബീസ് ലാഭം നൽകും. ഒപ്പം സുനാമി അടിച്ചാലും അനങ്ങാത്ത ഗോൾഡ് ബീസ് നിങ്ങളുടെ പോർട്ട് ഫോളിയോക്ക് ശക്തമായ അടിത്തറയും നൽകും. ഇതിലൂടെ മാർക്കറ്റ് എത്ര താഴേക്ക് പോയാലും നിങ്ങളുടെ പോർട്ട് ഫോളിയോ ബാലൻസ് ചെയ്തു കൊണ്ട് പോകാൻ കഴിയും. ഇത് സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാത്തവർക്ക് വരെ ചെയ്യാൻ കഴിയുന്ന രീതിയാണ്. എന്നാൽ സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ചറിയാവുന്നവർക്ക് കാര്യങ്ങൾ പഠിച്ചു അവരുടേതായ രീതിയിൽ റിസ്ക്ക് മാനേജ് ചെയ്തു മുന്നോട്ട് പോകാം. അവരീ രീതി അവലംബിക്കേണ്ടതില്ല.
കുറിപ്പ്: സ്റ്റോക്കും മറ്റു ഇൻസ്ട്രുമെന്റുകളുമെല്ലാം പ്ലെഡ്ജ് ചെയ്യുന്നതിന്റെ ഗുണങ്ങളെ കുറിച്ച് മുമ്പൊരു പോസ്റ്റ് ഇട്ടിരുന്നു. അതിന്റെ ലിങ്ക് കമന്റ് ബോക്സിൽ.
പഠനങ്ങൾ_ 28
Discussion about this post