Dr. Jubair T
SEBI യുടെ പുതിയ പീക്ക് മാർജിൻ റൂൾസിനെക്കുറിച്ച് പല കഥകളും പ്രചരിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഈ ഒരു സാഹചര്യത്തിൽ ലഭ്യമായ വിവരങ്ങൾ വെച്ച് കൊണ്ട് ഇത് എങ്ങനെയാണെന്ന് വിലയിരുത്താൻ ശ്രമിക്കുകയാണ് ഇവിടെ .
എന്താണ് മാർജിൻ?
സ്റ്റോക്കുകൾ ട്രേഡ് ചെയ്യാൻ ( ഒരു Buy or Sell പൊസിഷൻ എടുക്കാൻ ) ആവശ്യമായ തുകയാണ് മാർജിൻ. സ്റ്റോക്ക് ഡെലിവറി എടുക്കാൻ സാധാരണയായി സ്റ്റോക്കിൻ്റെ മുഴുവൻ തുകയും മാർജിൻ ആയി മുൻകൂർ (upfront) നൽകണം. അത്രയും തുക ട്രേഡിങ്ങ് അക്കൗണ്ടിൽ വേണം എന്നർത്ഥം. എന്നാൽ ഇൻട്രാ ഡേ, ഡെറിവേറ്റീവ് ട്രേഡുകൾക്ക് കുറഞ്ഞ തുക മാത്രം മുൻകൂർ മാർജിൻ ആയി നൽകിയാൽ മതി. ബാക്കി മാർജിൻ ബ്രോക്കർ നമുക്ക് കടമായി (Leverage) നൽകും. ഉദാഹരണമായി ബ്രോക്കർ 5x ലിവറേജ് തരുന്നുണ്ടെങ്കിൽ ഒരു അൻപതിനായിരം രൂപയുടെ ട്രേഡ് നടത്താൻ 10,000 രൂപ ട്രേഡിങ്ങ് അക്കാണ്ടിൽ മതി. ബാക്കി 40, 000 രൂപ ബ്രോക്കർ ലിവറേജ് നൽകുന്നു.
എന്താണ് പീക്ക് മാർജിൻ?
നമ്മൾക്കു വേണ്ടി ഒരു ട്രേഡ് നടത്താൻ ബ്രോക്കർ ക്ലിയറിങ്ങ് ഹൗസിൽ അടക്കേണ്ട മിനിമം തുക അഥവാ ക്ലയൻറിൻ്റെ കയ്യിൽ നിന്ന് ബ്രോക്കർ മുൻകൂർ ആയി വാങ്ങേണ്ട മിനിമം മാർജിനെ (VaR + ELM) യാണ് പീക്ക് മാർജിൻ എന്ന് പറയുന്നത്. ഇതിൽ VaR സ്റ്റോക്കിൻ്റെ വൊളാട്ടിലിറ്റി അനുസരിച്ച് വ്യത്യാസപ്പെടുന്നതും ELM അധികമായി നൽകേണ്ട നിശ്ചിത തുകയുമാണ്. ഇതിന് പുറമെ ചില ഷെയറുകൾക്ക് എക്സ്ചേഞ്ച് അഡീഷണലായി അഡ് ഹോക് മാർജിനും ഈടാക്കാം. നമ്മൾ ഒരു ട്രേഡ് നടത്തുമ്പോൾ ഈ തുക എക്സ്ചേഞ്ചിൻ്റെ ക്ലിയറിങ്ങ് കോർപറേഷൻ ബ്രോക്കറിൽ നിന്ന് ഈടാക്കും.
എന്നാൽ ഈ തുക മുഴുവനായും ബ്രോക്കർ നമ്മളിൽ നിന്ന് ഈടാക്കണമെന്ന് നിയമമുണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ പല ബ്രോക്കേഴ്സും പല രീതിയിൽ ലിവറേജ് നൽകി വന്നിരുന്നു. കഴിഞ്ഞ വർഷം വന്ന SEBI നിയമപ്രകാരം ഡിസംബർ 2020 മുതൽ ഈ മിനിമം മാർജിൻ്റെ 25 ശതമാനം ക്യാഷ് ആയി എല്ലാ ബ്രോക്കർമാരും ഈടാക്കിത്തുടങ്ങി. ഇത് 2021 മാർച്ചിൽ 50% ആയും ജൂണിൽ 75 % ആയും സെപ്ത മ്പർ 1 മുതൽ 100 % ആയും ഉയർത്തി. അതായത് 2021 സെപ്തമ്പർ 1 മുതൽ എല്ലാ ബ്രോക്കർമാരും ഈ മിനിമം തുക അവരുടെ ക്ലയൻ്റ്സിൻ്റെ കയ്യിൽ നിന്നും നിർബന്ധമായി ഈടാക്കേണ്ടി വന്നിരിക്കുകയാണ്. ഇത് പ്രകാരം ഇൻട്രാ ഡേ ട്രേഡിന് ബ്രോക്കർ ഇനി മുതൽ മിനിമം 20% അപ് ഫ്രണ്ട് ആയി വാങ്ങിയിരിക്കണം. എന്ന് പറഞ്ഞാൽ, എല്ലാ ബ്രോക്കർമാരും നൽകുന്ന ലിവറേജ് ഇനി മുതൽ 5x ഓ അതിൽ താഴെയോ മാത്രമായി ചുരുങ്ങും എന്നർത്ഥം. അല്ലാതെ ലിവറേജ് പൂർണ്ണമായും ഇല്ലാതായി എന്ന വാദം ശരിയല്ല.
ഇത് കൂടാതെ ഓരോ ദിവസത്തിൻ്റെയും അവസാനമാണ് ഇതുവരെ മാർജിൻ കണക്കാക്കിയിരുന്നതെങ്കിൽ ഇനി മുതൽ ഒരു ദിവസം നാല് തവണ റാൻഡം ആയി മാർജിൻ ചെക്ക് ചെയ്യുകയും അതിൽ ഏറ്റവും കൂടുതലുള്ള മാർജിൻ പീക്ക് മാർജിൻ ആയി കണക്കാക്കുകയും ചെയ്യും. അതിൽ കുറഞ്ഞാൽ ബ്രോക്കർ വലിയ പെനാൽട്ടി നൽകേണ്ടി വരും. സ്വാഭാവികമായും മാർജിൻ കുറഞ്ഞാൽ ബ്രോക്കർ നമ്മുടെ കയ്യിൽ നിന്നും പെനാൽട്ടി ഈടാക്കുകയും ചെയ്യും. ട്രേഡിങ്ങ് സമയത്തിൻ്റെ അവസാനം മാർജിൻ കണക്കാക്കുന്ന പഴയ രീതി അങ്ങനെ അവസാനിക്കുകയും ആവശ്യമായ മാർജിൻ മുൻകൂർ ആയി ബ്രോക്കർ കലക്ട് ചെയ്യുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ ഇനി മുതൽ 5x ൽ താഴെ ലിവറേജ് മാത്രമെ ബ്രോക്കർമാരിൽ നിന്ന് ലഭ്യമാവൂ.
അതേ പോലെ ഫൂച്ചർസ് ആൻഡ് ഓപ്ഷൻസ്, കറൻസി, കമ്മോഡിറ്റി എന്നിവയിൽ NRML മാർജിൻ മുഴുവനായും (1x ലിവറേജ് ) പേ ചെയ്യണം. ഇവിടെയും മാർജിൻ ഇല്ലാതായി ട്രേഡ് വാല്യു മുഴുവൻ കൊടുക്കണമെന്ന് പറയുന്ന വാർത്തകളും സത്യമല്ല.
ഇന്ന് വാങ്ങി നാളെ വിൽക്കുക (BTST) സംവിധാനം ഇനി സാധിക്കില്ല എന്ന വാർത്തയും ശരിയല്ല. ട്രേഡ് നടത്തി രണ്ടാം ദിവസം പേ ചെയ്യുന്ന T+2 സംവിധാനത്തിൽ BTST ചെയ്യാനാവില്ല. എന്നാൽ ഏർളി പേ ഇൻ ചെയ്യുന്ന ബ്രോക്കർമാരുടെ അടുത്ത് ഇനിയും BTST ലഭ്യമായിരിക്കും.
ഡീമാറ്റിലുള്ള ഷെയർ വിൽക്കാൻ അക്കൗണ്ടിൽ അധിക മാർജിൻ ഒന്നും വേണ്ട. എന്നാൽ BTST ചെയ്യുമ്പോൾ അത് ഡെലിവറി ആയി കണക്കാക്കുന്നതിനാൽ മുഴുവൻ തുകയും മാർജിൻ ആയി നൽകേണ്ടി വരും. ഡെലിവറി ട്രേഡുകളിൽ വിറ്റ വിലയുടെ 80 % മാത്രമെ അന്ന് പുതിയ ട്രേഡ് നടത്താൻ ലഭിക്കൂ എന്ന നിബന്ധന തുടരും. T1 ഹോൾഡിങ്ങ് വിറ്റാൽ വിറ്റ തുക പുതിയ ട്രേഡ് നടത്താൻ അടുത്ത ദിവസം മാത്രം ലഭ്യമാക്കാനേ ബ്രോക്കർക്ക് ബാധ്യതയുള്ളൂ. ഇൻട്രാ ഡേ പ്രോഫിറ്റും അടുത്ത ദിവസമേ ട്രേഡിങ്ങ് അക്കൗണ്ടിൽ വരൂ.
പുതിയ പരിഷ്കാരങ്ങൾ തുടക്കത്തിൽ ഇൻട്രാ ഡേ ട്രേഡിങ്ങ് വോളിയം കുറയാൻ കാരണമായേക്കാമെങ്കിലും ഭാവിയിൽ സ്പെകുലേഷൻ നിയന്ത്രിതമാകുന്നതോടെ ഷെയറുകളുടെ വില മാനിപുലേറ്റ് ചെയ്യപ്പെടാനുള്ള സാധ്യത കുറയുകയും അത് നിക്ഷേപകർക്ക് ഗുണകരമാവുകയും ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Discussion about this post