ഓഹരി വിപണിയിൽ കരടികൾ പിടിമുറുക്കിയിരിക്കുകയാണ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്നറിയാൻ ആദ്യം വിപണി എന്താണെന്നറിയണം വിപണിയിലെ കരടി എന്നത് ആരാണെന്നറിയണം.
സാമ്പത്തിക വിപണിയിൽ Bear അഥവാ കരടി എന്ന് പറഞ്ഞാൽ സാമ്പത്തിക ആസ്തികളായ ഒരു പ്രത്യേക ഓഹരി അല്ലെങ്കിൽ ഓഹരി വിപണി മൊത്തമായും അല്ലെങ്കിൽ വിപണിയിലെ ഒരു സൂചിക അല്ലെങ്കിൽ ഏതെങ്കിലും ചരക്ക് വില അല്ലെങ്കിൽ ബോണ്ട് വില താഴോട്ട് പോവുകയാണെന്ന് വിശ്വസിച്ച് ഇവയെ വലിയ വിലയിൽ വിറ്റശേഷം ചെറിയ വിലയിൽ വാങ്ങി ലാഭം ഉണ്ടാക്കുന്ന ഒരു നിക്ഷേപകൻ.
അതുപോലെ വിപണിയിലെ Bull അഥവാ കാള എന്നാൽ ഇതേ സാമ്പത്തിക ആസ്തികളുടെ വില ഉയരുകയാണ് എന്ന് വിശ്വസിച്ച് ഓഹരിയെ വാങ്ങി ഇവയുടെ വിപണിയിലെ വില ഉയരാൻ കാത്തിരിക്കുന്ന ഒരു നിക്ഷേപകൻ.
കാളകളും കരടികളും തമ്മിലുള്ള ഒരു മത്സരമാണ് ഓഹരിവിപണിയിലെ വില നിലവാരം ഉയർത്തുകയും താഴ്ത്തുകയും ചെയ്യുക.
അടിസ്ഥാനപരമായി നോക്കിയാൽ ഓഹരിവിപണി എന്നത് വ്യാപാരസ്ഥാപനങ്ങൾ അവരുടെ മൂലധനം വർധിപ്പിക്കാൻ ആവശ്യമായ നിക്ഷേപകരെ നേടാൻ തങ്ങളുടെ വ്യാപാരത്തിന്റെ ഉടമസ്ഥാവകാശം ഒരുപങ്ക് ചെറിയ ചെറിയ ഘടകങ്ങളാക്കി വിൽക്കുന്ന ഒരു കമ്പോളമാണ്. ഓരോ ചെറിയ കഷണം ഉടമസ്ഥാവകാശത്തെയും ഒരു ഓഹരി എന്ന് പറയുന്നു. ഈ ഉടമസ്ഥാവകാശം വാങ്ങുന്ന ആളുകൾ അതിന്റെ നിക്ഷേപകരും ലാഭവിഹിതത്തിന്റെ പങ്കാളികളും ആവുന്നു. നിക്ഷേപകർ ഇറക്കിയ രൂപയുടെ മൂല്യത്തിൽ വ്യാപാരത്തിന്റെ തോതും ലാഭവും ഉയരുമ്പോൾ ഈ ഓഹരികളുടെ അവകാശം വാങ്ങാൻ ആളുകൾ ഏറും. അപ്പോൾ അതിന്റെ ആവശ്യം ഉയരുന്നതിനാൽ വിപണിയിൽ ഓഹരിവിലയും ഏറും. ഇനി ഏതെങ്കിലും കാരണവശാൽ ഈ വ്യവസായസ്ഥാപനത്തിന്റെ ലാഭത്തിനോ അതിനോടനുബന്ധിച്ച മറ്റ് സാമ്പത്തിക അനുപാതങ്ങളിൽ മാന്ദ്യം വരികയോ ചെയ്‌താൽ നിക്ഷേപകർ ഈ സ്ഥിതി തുടർന്ന് സ്ഥാപനം അടച്ചുപൂട്ടുമോ എന്ന് ഭയന്ന് തങ്ങളുടെ നിക്ഷേപങ്ങൾ കിട്ടുന്ന വിലയിൽ വിൽക്കും. അപ്പോൾ വിപണിയിൽ ഈ ഓഹരിയുടെ ആവശ്യം കുറയുകയും ഓഹരികളുടെ എണ്ണം അഥവാ വിതരണം കൂടുകയും ആകയാൽ ഓഹരിവില ഇടിയും.
ലോകരാജ്യങ്ങളുടെ ചരക്കുകൈമാറ്റങ്ങളുടെ നിരക്കുവച്ചും, ലോകത്തിൽ പൊട്ടിപുറപ്പെടുന്ന യുദ്ധങ്ങൾ വച്ചും, രാജ്യങ്ങൾ തമ്മിൽ വ്യാപാരത്തിൽ ഉടലെടുക്കുന്ന ശീതസമരങ്ങൾ വച്ചും അല്ലെങ്കിൽ കൊറോണ പോലെയുള്ള ആഗോളവ്യാപമായ മഹാമാരികളെക്കൊണ്ടും വിപണിയിലെ ചരക്കാവശ്യങ്ങളും അതുവഴി വ്യാപാരങ്ങളും ഇല്ലാതാവുകയോ കുറയുകയോ ചെയ്യുമ്പോൾ കരടികൾ ഓഹരിയുടെ വില താഴുന്നു എന്ന് മനസ്സിലാക്കി അവയെ വിറ്റഴിക്കാൻ ശ്രമിക്കുകയോ ഊഹക്കച്ചവടം നടത്തുകയോ ചെയ്യും.
പമ്പരാഗത രീതിയിൽ വാങ്ങിയതിന് ശേഷം വില്പന എന്നതാണ് വിപണിയുടെ നിർവചനം. കൈയിൽ ഇല്ലാത്ത സാധനം വില്കാനാവില്ലല്ലോ. എന്നാൽ വിറ്റിട്ട് വാങ്ങുക എന്ന പ്രക്രിയയും ഓഹരിവിപണിയിൽ നടക്കും. അതായത് വില താഴാൻ പോകുന്നു എന്ന അവസ്ഥയെ മുൻകൂട്ടിക്കണ്ട് വിലയേറിയിരിക്കുന്ന ഓഹരിയെ ആദ്യം കരടികൾ വിൽക്കും. വിൽക്കാനുള്ള ഓഹരികൾ തങ്ങൾ അംഗങ്ങളായ ദല്ലാളുകളുടെ അഥവാ ബ്രോക്കറുടെ കൈയിൽ നിന്നും കടമെടുത്ത് വിൽക്കും. എന്നിട്ട് വില താഴുമ്പോൾ ഈ എത്ര ഓഹരിയാണോ കടമെടുത്ത് വിറ്റത് അത്രയും ഓഹരികൾ ചെറിയ വിലയ്ക്ക് വാങ്ങി ദല്ലാൾക്ക് തിരിച്ചു കൊടുക്കും.
ഇത്തരത്തിൽ കടമെടുത്ത ഓഹരി വലിയ വിലയിൽ വിപണിയിൽ വിറ്റിട്ട് ചെറിയ വിലയിൽ തിരിച്ചു വാങ്ങി, ഈ വിലയിലെ വ്യത്യാസം ലാഭമായി കൊയ്യുന്ന ഊഹക്കച്ചവടക്കാരെയാണ് കരടികൾ എന്ന് വിപണി വിശേഷിപ്പിക്കുക.
ഉദാഹരണത്തിന് ഒരു പെയിന്റ് കബനി “ABC പൈന്റ്‌സ്” എന്ന ഓഹരിയുടെ വില 110 രൂപയാണെന്ന് വിചാരിക്കുക.
ഇപ്പോൾ റഷ്യ-ഉക്രയിൻ യുദ്ധം വന്നു. അത്കൊണ്ട് ലോകത്തിലെ വലിയ എണ്ണ വില്പനക്കാരായ റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതിചെയ്യാൻ ആകുന്നില്ല എന്ന് കരുതുക. അപ്പോൾ എണ്ണയെ അടിസ്ഥാനഘടകമായി ഉപയോഗിക്കുന്ന പെയിന്റ് കമ്പനികൾക്ക് അവയുടെ cost അഥവാ അസംസ്കൃത സാമഗ്രികളുടെ വിലയേറും എന്നും അതിനാൽ ലാഭം കുറയുമെന്നും അതിന്റെ പ്രതിഫലനമായി ഓഹരിവില കുറയും എന്നും വിദഗ്ധരായ വിപണി നിരീക്ഷകർ മനസ്സിലാക്കും.
ഇതറിഞ്ഞ ഊഹക്കച്ചവടക്കാർ ABC പെയിന്റ് കമ്പനിയുടെ 1000 ഓഹരികൾ ദല്ലാളിൽ നിന്നും കടം വാങ്ങും എന്നിട്ട് കാര്യം മനസ്സിലാകാത്ത അല്ലെങ്കിൽ അറിഞ്ഞിട്ടും അറിയില്ലെന്ന് നടിക്കുന്ന വിപണിയിലെ ആവശ്യക്കാർക്ക് 110 രൂപയ്ക്ക് വിൽക്കും.
ഉടനെ യുദ്ധവിവരം അറിഞ്ഞ് വലിയ നിക്ഷേപകർ അവരുടെ കോടിക്കണക്കിനു മൂല്യമുള്ള നിക്ഷേപങ്ങൾ പിൻവലിച്ചു തുടങ്ങും. അങ്ങനെ ABC പെയിന്റ് കമ്പനിയുടെ ഓഹരിവില ഇപ്പോൾ 100 രൂപ ആയി താഴ്ന്നെന്നിരിക്കട്ടെ.
മുന്നേ ഇവയെ 110 രൂപയ്ക്കു 1000 എണ്ണം വിറ്റ അതേ ഊഹക്കച്ചടക്കാർ 100 രൂപയ്ക്കു 1000 എണ്ണം വാങ്ങി അവയെ ദല്ലാൾക്ക് നൽകും. ദല്ലാൾക്ക് വില പ്രശ്നമല്ല എണ്ണമാണ് വേണ്ടത്.കടമെടുത്ത അത്രയും ഓഹരികൾ അയാൾക്ക് തിരിച്ചു കിട്ടി. സന്തോഷം!!!
ഇനി ഈ ഊഹക്കച്ചവടക്കാരനോ? അയാൾക് (110-100) അതായത് ഒരോഹരിയിൽ 10രൂപ ലാഭം. അങ്ങനെ ഇല്ലാത്ത ഓഹരി ആയിരം എണ്ണം വിറ്റുവാങ്ങിയപ്പോൾ 10*1000= 10000രൂപ ലാഭം. ഇവിടെ കരടി വിലതാഴ്ന്നതിലൂടെ ലാഭമെടുത്തു. ഇതിനെ short selling എന്ന് പറയുന്നു.
കരടികൾ ഇരയെ ആക്രമിക്കുന്നത് രണ്ടുകാലിൽ ഉയർന്നു നിന്ന് കൂർത്തനഖങ്ങൾ ഉള്ള മുൻകാൽ അഥവാ കൈ ഉപയോഗിച്ച് താഴോട്ട് ശക്തമായി പ്രഹരിച്ചാണ്. അപ്പോൾ ഇര താഴോട്ടാണ് വീഴുന്നത്. ഇതേ അവസ്ഥയിൽ മുകളിലുള്ള വിപണിവിലയെ താഴേക്ക് അടിച്ചിട്ട് അവരുടെ ലാഭവിഹിതം കൈക്കലാക്കുന്നതിനാലാണ് കരടി എന്ന പ്രയോഗം വിറ്റുവാങ്ങുന്ന (short selling) ഊഹക്കച്ചവർക്കാർക്ക് വിപണി നൽകിയത്.
തിരിച്ച് കാളകളാണെങ്കിൽ തലകുനിച്ചു കൂർത്ത കൊമ്പുകൾ ഉപയോഗിച്ച് ഇരയെ ഉയർത്തിയെറിഞ്ഞാണ് ആക്രമിക്കുക. അപ്പോൾ താഴെയുള്ള വിപണിയുടെ വിലയെ ഉയർത്തുന്ന നിക്ഷേപകരെയും ഊഹക്കച്ചവടക്കാരെയും കാളകൾ എന്ന് സംബോധന ചെയ്യുന്നു.
വിപണിയിൽ കരടികൾ പിടിമുറുക്കി എന്ന് പറഞ്ഞാൽ നിഫ്റ്റി 50, സെൻസെക്സ് എന്നിങ്ങനെയുള്ള ഓഹരിവിപണിയിലെ പ്രധാന സൂചികകളിൽ വില നിരന്തരം താഴ്ന്ന് അവയുടെ ഏറ്റവും ഉയരെയുള്ള വിലയിൽ നിന്നും 20%ത്തിൽ അധികം ഇടിവ് നേരിട്ടു എന്നർത്ഥം. ഇത് സൂചികകൾ പോലെത്തന്നെ ഒരു പ്രത്യേക ഓഹരിവിലയിലും ബാധകമാണ്.
ഉദാഹരണം പറഞ്ഞാൽ ഇപ്പോൾ വിപണിയിലെ നിക്ഷേപകരുടെ പ്രിയപ്പെട്ട നിഫ്റ്റി IT , നിഫ്റ്റി റിയാൽറ്റി, നിഫ്റ്റി മെറ്റൽ എന്നീ സൂചികളും അവയിൽ ഉൾപ്പെടുന്ന ഓഹരികളിൽ പലതും ഇപ്പോൾ 20%ൽ ഏറെ താഴ്ന്ന് ഏകദേശം ഇവയിലെല്ലാം കരടികൾ പിടിമുറുക്കിയിരിക്കുന്നു.
Discussion about this post