ഡോ. ജുബൈർ ടി
ഓഹരി വിപണിയിലെ ദീർഘകാല നിക്ഷേപത്തെ കളിയാക്കിക്കൊണ്ടും ഹ്രസ്വകാല നിക്ഷേപത്തിൻ്റെയും ഇൻട്രാ ഡേ ട്രേഡിങ്ങിൻ്റെയും ഗുണങ്ങൾ വിവരിച്ചുകൊണ്ടും ഉള്ള ഒരു പാട് പോസ്റ്റുകൾ കണ്ടതിൻ്റെ അടിസ്ഥാനത്തിലാണ് ഈ കുറിപ്പ്.
ഓഹരി വിപണിയിൽ നിന്ന് സമ്പത്ത് (വെൽത്ത് ) ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നവർക്കുള്ളതാണ് ദീർഘകാല നിക്ഷേപം. ഇടക്കിടെ ലാഭ വിഹിതവും (ഡിവിഡണ്ട്) തങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി വിൽക്കുമ്പോൾ ഉയർന്ന വാല്യൂ (വില ) യും കിട്ടാൻ വേണ്ടിയുള്ളതാണ് ദീർഘകാല നിക്ഷേപം. നിക്ഷേപങ്ങളിൽ ഏറ്റവും സേഫ് ആയിട്ടുള്ളതും റിസ്ക്ക് കുറവുള്ളതും ഇതാണ്. എന്നാൽ ദീർഘകാല നിക്ഷേപകർ നല്ല ഫണ്ടമെൻ്റൽ അനാലിസിസ് നടത്തിയേ ഷെയറുകൾ തിരഞ്ഞെടുക്കാവൂ. എന്നാൽ ഫണ്ടമെൻ്റൽ അനാലിസിസ് നടത്തുന്നതിനായി ആദ്യമായി നല്ല സ്റ്റോക്ക് ഐഡിയകൾ കണ്ടെത്തണം.
ഇത് കിട്ടാൻ നിങ്ങൾ വാങ്ങുന്ന പ്രോഡക്ട്സ് ഉണ്ടാക്കുന്ന കമ്പനികൾ, മൂച്ചൽ ഫണ്ടുകൾ ഇൻവെസ്റ്റ് ചെയ്ത കമ്പനികൾ (വിവിധ മൂച്ചൽ ഫണ്ട് കമ്പനികളുടെ വെബ്സൈറ്റിൽ പോയാൽ തൊട്ട് മുമ്പുള്ള മാസത്തെ ഫണ്ട് ഫാക്ട് ഷീറ്റ് കിട്ടും.), സോഷ്യൽ മീഡിയകളിൽ ചർച്ച ചെയ്യപ്പെടുന്ന ഷെയറുകൾ, ബ്രോക്കർ സജസ്റ്റ് ചെയ്യുന്ന ഷെയറുകൾ മുതലായവയെല്ലാം പരിഗണിക്കാം. എന്നാൽ ഇങ്ങനെ കിട്ടുന്ന സ്റ്റോക്ക് ഐഡിയകൾ സ്വന്തമായി അനലൈസ് ചെയ്ത് മികച്ചതാണെന്ന് സ്വയം ബോധ്യപ്പെട്ടാലേ നിക്ഷേപത്തിന് തിരഞ്ഞെടുക്കാവൂ. ഇത്തരം ഷെയറുകൾ സ്ക്രീനർ പോലുള്ള വെബ് സൈറ്റുകൾ ഉപയോഗിച്ച് സെക്ടറൽ കമ്പാരിസൺ നടത്തി സെക്ടറിലെ കൂടുതൽ മെച്ചപ്പെട്ട കമ്പനികൾ കണ്ടെത്താനും ശ്രമിക്കുക.

ഓരോ മാസവും വരുമാനത്തിൽ നിന്ന് മാറ്റി വെക്കുന്ന തുക സിസ്റ്റമാറ്റിക്കായി നിക്ഷേപിക്കാം. വിവിധ സെക്ടറുകളിൽ നിന്നുള്ള ലാർജ് കാപ്, മിഡ് കാപ്, സ്മാൾ കാപ് ഷെയറുകൾ അവരവരുടെ റിസ്ക്ക് പ്രൊഫൈൽ അനുസരിച്ച് പോർട്ട് ഫോളിയയിൽ ഉൾപ്പെടുത്തണം. കൂടുതൽ റിസ്ക്ക് എടുക്കാൻ താൽപര്യമില്ലാത്തവർക്ക് വാല്യു ഇൻവെസ്റ്റിങ്ങും (നല്ല ഫണ്ടമെൻ്റൽസ് ഉളള, PE & PB കുറവുള്ള അണ്ടർ വാല്യൂഡ് ഷെയറുകൾ) കൂടുതൽ റിസ്ക്ക് എടുക്കാൻ താൽപര്യമുള്ളവർക്ക് ഗ്രോത്ത് ഇൻവസ്റ്റിങ്ങും ( സെയിൽസിലും പ്രോഫിറ്റിലും ഹൈ ഗ്രോത്തുള്ള എമേർജിങ്ങ് സ്റ്റോക്കുകൾ – ഇവിടെ PE & PB കൂടാം) പരീക്ഷിക്കാം. കൂടാതെ, ഓരോ മൂന്ന് മാസം കൂടുമ്പോഴും നിക്ഷേപിച്ച കമ്പനികളുടെ ത്രൈമാസ റിസൾട്ട് പരിശോധിക്കുകയും സെയിൽസ് (റവന്യു ഫ്രം ഓപറേഷൻ) കൂടുന്നുണ്ട് എന്ന് അല്ലെങ്കിൽ കുറയുന്നില്ല എന്നെങ്കിലും ഉറപ്പാക്കുകയും ചെയ്യണം.
സ്റ്റോക്ക് എക്സ്ചേഞ്ചിൻ്റെ വെബ്സൈറ്റിലും സ്ക്രീനർ പോലുള്ളവയിലും ഇത് കിട്ടും. സെയിൽസ് റെവന്യൂ കൂടുന്നുണ്ടെങ്കിൽ എത്ര ശതമാനം ലാഭം ലഭിച്ചാലും വില കുറഞ്ഞ് നഷ്ടം സംഭവിച്ചാലും ഷെയർ വിറ്റ് മാറേണ്ടതില്ല. വില കുറഞ്ഞാൽ ഒരിക്കൽ കൂടി ഫണ്ടമെൻ്റൽസ് ചെക്ക് ചെയ്ത ശേഷം ഷെയർ ആവറേജ് ചെയ്യുന്നതും (വില കുറഞ്ഞ ഷെയറുകൾ കൂടുതൽ എണ്ണം വാങ്ങുക) വില കൂടുന്നവയുടെ ഗ്രോത്ത് റേറ്റും ഭാവി സാധ്യതകളും പരിഗണിച്ച ശേഷം പിരമിഡിങ്ങും (വില കൂടിയ ശേഷം വീണ്ടും കൂടുതൽ എണ്ണം വാങ്ങുക) പരിഗണിക്കാവുന്നതാണ്. പ്രകടനം മോശമാവുന്നുണ്ടെങ്കിൽ വീണ്ടും ഒരു അനാലിസിസ് നടത്തുകയും ആവശ്യമെങ്കിൽ ഷെയറുകൾ വിറ്റുമാറുകയും ചെയ്യാം. ദീർഘ കാല നിക്ഷേപകർ തങ്ങളുടെ ഇമെയിൽ ചെക്ക് ചെയ്യുകയും റൈറ്റ് ഇഷ്യൂ, ബൈബാക്ക്, വളണ്ടറി ഡിലിസ്റ്റിങ്ങ് ബൈബാക്ക് മുതലായ വിഷയങ്ങളിൽ വരുന്ന മെയിലുകൾ വായിച്ച് ഉചിതമായ തീരുമാനങ്ങൾ എടുക്കാനും ശ്രദ്ധിക്കണം.
ഇത്തരം നിക്ഷേപകരിലധികവും വളരെ സൈലൻ്റ് ഇൻവെസ്റ്റേർസ് ആയിരിക്കും. ഇവരിൽ പലരും ഈ സോഷ്യൽ മീഡിയകളിൽ ഇല്ല എന്നതാണ് സത്യം. ഇനി ഉള്ളവരിൽ തന്നെ ബഹു ഭൂരിപക്ഷവും പോസ്റ്റുകൾ ഇടുകയോ പോസ്റ്റുകൾക്ക് മറുപടി പറയുകയോ ചെയ്യാറില്ല. അവർ മാർക്കറ്റ് ട്രെൻഡ് അറിയാനും ഫണ്ടമെൻ്റൽ അനാലിസിസ് ചെയ്യാനുള്ള ഷെയറുകളുടെ ഐഡിയകൾ കണ്ടെത്താനുമാണ് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്. അത് കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടുന്നില്ല എന്ന് കരുതി ഇവർ സമ്പത്തുണ്ടാക്കുന്നില്ല എന്ന് ധരിച്ച് വെക്കരുത്.

എന്നാൽ ഓഹരി വിപണിയിൽ നിന്ന് ട്രേഡിങ്ങിലൂടെ ലാഭമുണ്ടാക്കുന്നവരാണ് ഹ്രസ്വകാല നിക്ഷേപകരും ഡേ ട്രേഡർമാരും. ഷെയറുകൾ വാങ്ങി വിൽക്കുമ്പോഴുണ്ടാവുന്ന ലാഭമാണ് ഇവരുടെ ലക്ഷ്യം. ഇവർ കൂടുതൽ ടെക്നിക്കൽ അനാലിസിസും കുറച്ച് ഫണ്ടമെൻ്റൽ അനാലിസിസും ഉപയോഗിക്കുന്നവരാണ്. ഡേ ട്രേഡിങ്ങിനാണെങ്കിൽ ഫണ്ടമെൻ്റൽ അനാലിസിസ് തന്നെ വേണമെന്നില്ല
ഇത്തരക്കാർ ടെക്നിക്കൽ ടൂളുകൾ പഠിക്കുകയും അവ മാർക്കറ്റിൽ അപ്പെ ചെയ്ത് സ്വന്തമായ സ്ടാറ്റജികൾ ഉണ്ടാക്കിയെടുക്കുകയും ചെയ്യണം. ഓരോ ഇൻഡസ്ട്രിയുമായും കമ്പനിയുമായും ബന്ധപ്പെട്ട് പുറത്ത് വരുന്ന ന്യൂസുകൾ, കമ്പനികളുടെ ത്രൈമാസ ഫലങ്ങൾ, കോർപറേറ്റ് ആക്ഷനുകൾ എന്നിവയെല്ലാം ശ്രദ്ധിക്കണം. എന്നാൽ നോർമൽ ഹൈക്കും മാർക്കറ്റ് കറക്ഷനും ഉള്ള ഒരു നോർമൽ മാർക്കറ്റിൽ മാത്രമെ ടെക്നിക്കൽ ടൂളുകൾ വർക്ക് ഔട്ട് ആവൂ. ഫണ്ടമെൻ്റലി നല്ല ഷെയറുകൾ ടെക്നിക്കൽ അനാലിസിസ് കൂടി നടത്തി ട്രേഡ് ചെയ്യുകയും ലാഭം കിട്ടുമ്പോൾ മാത്രം വിൽക്കുകയും ചെയ്യുന്ന ‘സേഫ് ട്രഡേർസും’ ഉണ്ട്.
ടേഡിങ്ങും ലോങ്ങ് ടേം ഇൻവെസ്റ്റിങ്ങും ഒരിക്കലും താരതമ്യം ചെയ്യരുത്. അത് രണ്ടും രണ്ട് മേഘലകളാണ്. ലോങ്ങ് ടേം ഇൻവെസ്റ്റ്മെൻ്റ് താരതമ്യേന റിസ്ക്ക് കുറവുള്ളതും ട്രേഡിങ്ങ് റിസ്ക്ക് കൂടിയതുമാണ്. ദീർഘകാല നിക്ഷേപകരിൽ ബഹു ഭൂരിപക്ഷവും വിജയിച്ചവരും ട്രേഡർമാരിൽ ഭൂരിപക്ഷവും പരാജയപ്പെട്ടവരുമാണ്. കോവിഡിന് ശേഷം മാത്രം മാർക്കറ്റിലേക്ക് വന്ന് ലാഭം മാത്രം കണ്ട് ശീലിച്ച ട്രേഡർമാർക്ക് ഇത് ഇഷ്ടപ്പെടില്ലെങ്കിലും അതൊരു സത്യമാണ്. സാധാരണ ഗതിയിൽ മാർക്കറ്റിൽ നിന്ന് ട്രേഡിങ്ങിലൂടെ പണം സമ്പാദിച്ചവർ അത് പാടി നടക്കുകയും നഷ്ടം സംഭവിച്ചവരിൽ കൂടുതലും അത് മിണ്ടാതിരിക്കുകയുമാണ് ചെയ്യാറ്.
എന്നാൽ നന്നായി പഠിച്ച് മാർക്കറ്റും കമ്പനികളെയും അനലൈസ് ചെയ്യുന്നവർക്ക് ട്രേഡിങ്ങും ഇൻവെസ്റ്റ്മെൻ്റും ഒരുപോലെ വഴങ്ങും. കൂടുതൽ വിവരങ്ങൾക്ക് SEBlയുടെ ഇൻവസ്റ്റർ വെബ് സൈറ്റ് സന്ദർശിക്കുക.
NB :
ദീർഘകാല, ഹ്രസ്വകാല നിക്ഷേപകർ ഓഹരി വിപണിയെക്കുറിച്ച് ശരിയായി മനസ്സിലാക്കാനും ഫണ്ടമെൻ്റൽ അനാലിസിസ് പഠിക്കാനും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) കേരളത്തിൽ മലയാളത്തിൽ നടത്തുന്ന സൗജന്യ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുക. ക്ലാസുകളുടെ ലിങ്കുകൾ ലഭിക്കാൻ താഴെ കൊടുത്ത വാട്സ് ആപ്പ് നമ്പറിൽ ബന്ധപ്പെടുക.
ഡോ. ജുബൈർ ടി
SEBI Empanelled Securities Market Trainer, Kerala
Ph: 7736685250
Discussion about this post